കോട്ടയം: കേരളത്തിലെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പു വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. ചിലർ അവരുടെ മിടുക്ക് കൊണ്ടാണ് വിജയമുണ്ടായതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, അത് ജനങ്ങളുടെ പൊറുതിമുട്ടലിന്റെ ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ഒരിക്കലുമല്ല, ജനങ്ങൾ പൊറുതിമുട്ടി. ഒരു മാറ്റംവരാൻ ചെയ്ത വോട്ടാണ്. അത് കോൺഗ്രസിനും യുഡിഎഫിനും പ്രതിഫലിച്ചു' എന്നദ്ദേഹം പെരുന്നയിൽ മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും യാതൊരു വിരോധവുമില്ലെന്നും, കഴിവുള്ളവരെയും പരിചയമുള്ളവരെയും ആക്കണമെന്നുമാണ് സുകുമാരൻ നായരുടെ നിലപാട്. 'ഒരു വ്യക്തിയെ ചൂണ്ടിക്കാണിക്കുന്നില്ല. ഇക്കാര്യമെല്ലാം സാധാരണ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുന്നത്. അവർ തീരുമാനിക്കട്ടെയെന്നും' അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാകുന്നത് വി.ഡി. സതീശനാണെങ്കിൽ, അത് കോൺഗ്രസിന്റെ തീരുമാനമാണെന്നും, അതിനെ സ്വീകരിക്കുകയെന്നുമാണ് അദ്ദേഹത്തിന്റെ മറുപടി.

തിരഞ്ഞെടുപ്പിൽ സമദൂര നിലപാടായിരുന്നു സുകുമാരൻ നായർ. വി.ഡി. സതീശനോടുള്ള ചില വിയോജിപ്പുകൾ ചൂണ്ടിക്കാട്ടിയിരുന്നു. 'ആ വിയോജിപ്പ് ഇപ്പോഴുമുണ്ട്. അത് തിരുത്താൻ താൻ പറയില്ല' എന്നദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സർക്കാരിനോട് അവകാശപ്പെട്ട കാര്യങ്ങൾ ആവശ്യപ്പെടുകയെന്നതാണ് തങ്ങളുടെ ലക്ഷ്യം. അനാവശ്യമായി സ്ഥാനമാനങ്ങളോ അനധികൃതമായി എന്തെങ്കിലുമോ നേടിയെടുക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'ജനങ്ങളുടെ മനസിൽ തിരിച്ചുപിടിക്കണമെന്ന് തോന്നിയപ്പോൾ അവർ വോട്ട് ചെയ്യുകയായിരുന്നു. വേറെ ആരുമില്ലാത്തതിനാൽ അത് കോൺഗ്രസിന് കിട്ടി. മന്ത്രിമാർ തോറ്റതെല്ലാം ആ വികാരത്തിൽ അടിച്ചുപോയതാണ്' എന്നദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രി ഗണേഷ് കുമാർ പരാജയപ്പെട്ട പത്തനാപുരത്തും നായന്മാർ സമദൂരത്തിൽ വോട്ട് ചെയ്യാനാണ് നിർദ്ദേശിച്ചതെന്നും സുകുമാരൻ നായർ വ്യക്തമാക്കി. 'ജയിപ്പിക്കണമെന്നോ തോൽപ്പിക്കണമെന്നോ ഇവിടെനിന്ന് നിർദ്ദേശിച്ചിട്ടില്ല' എന്നും അദ്ദേഹം ചേർത്തു.

Photo and News Source: Mathrubhumi