കണ്ണൂരിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെത്തുടർന്ന് പാർട്ടിയിലെ നേതൃമാറ്റത്തിനായി വീണ്ടും ഫ്ലക്സ് ബോർഡുകൾ ഉയരുകയുണ്ടായി. അഴീക്കോട് മണ്ഡലത്തിലാണ് പി ജയരാജനായി ഫ്ലക്സുകൾ സ്ഥാപിക്കപ്പെട്ടത്. 'പി ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ' എന്നാണ് ഈ ഫ്ലക്സുകളിലെ മുദ്രാവാക്യം. തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം സിപിഎമ്മിന്റെ നേതൃത്വത്തിൽ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂർ ജില്ലയിലെ കോളയാടും നേരത്തെയും ഇത്തരം ഫ്ലക്സുകൾ ഉയർന്നിരുന്നു. ഇതിന് ശേഷം പി ജയരാജനോടുള്ള പിന്തുണ പ്രകടിപ്പിക്കുന്നതിനായി വീണ്ടും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവർക്കെതിരെയാണ് പ്രധാനമായും വിമർശനമുയർന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങളുണ്ടെന്നും അത് പാർട്ടി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് പി ജയരാജൻ പ്രതികരിച്ചത്. കമ്മ്യൂണിസ്റ്റുകാർ പാർലമെന്ററി വ്യവസ്ഥയിൽ പ്രവർത്തിക്കുമ്പോൾ പലതരം ജീർണ്ണതകളും ഉടലെടുക്കാറുണ്ട്. അത്തരം ജീർണ്ണതകൾ ചർച്ച ചെയ്ത് തിരുത്താതിരുന്നാൽ ജനങ്ങളുടെ വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കുമെന്ന് പി ജയരാജൻ അഭിപ്രായപ്പെട്ടു.
മൂർത്തമായ പ്രശ്നങ്ങൾ പരിശോധിക്കാതെ കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുപോകാനാവില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരാതികളും അഭിപ്രായങ്ങളും പാർട്ടിക്ക് എഴുതി നൽകുകയാണ് വേണ്ടതെന്നും പി ജയരാജൻ സൂചിപ്പിച്ചു. വ്യക്തിപൂജയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രീതിക്കിരയായ പി ജയരാജൻ പാർട്ടിക്കുള്ളിൽ ഒതുക്കപ്പെടുകയായിരുന്നു. നിലവിൽ സംസ്ഥാന കമ്മിറ്റി അംഗമായ പി ജയരാജൻ ഭരണം മാറിയതോടെ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനവും രാജിവയ്ക്കേണ്ടിവരും. 70-നു മുകളിലായ പി ജയരാജനെ സംസ്ഥാന സെക്രട്ടറിയാക്കണമെന്നാണ് പാർട്ടി അണികളുടെ ആവശ്യം.
Photo and News Source: Samakalika Malayalam










