ന്യൂഡൽഹി: ശബരിമലയിൽ യുവതികളുടെ പ്രവേശനവിലക്കിനെതിരെ ഹർജി സമർപ്പിച്ച ഇന്ത്യൻ യങ് ലോഴ്സ് അസോസിയേഷനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനമുയർത്തി. വിശ്വാസകാര്യങ്ങളിൽ ഇടപെടാൻ അവകാശമുണ്ടോ എന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. "നിങ്ങൾ ആരാണ്? നിങ്ങൾക്ക് ഈ കാര്യത്തിലുള്ള താത്പര്യമെന്താണ്?" എന്ന ചോദ്യം ജസ്റ്റിസ് നാഗരത്ന ഉന്നയിച്ചു. യുവാക്കളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ യങ് ലോഴ്സ് അസോസിയേഷനോട് ആവശ്യപ്പെട്ടു. പൊതുതാൽപര്യ ഹർജിയിലെ യഥാർത്ഥ താല്പര്യം എന്തെന്ന് ആവർത്തിച്ച് ചോദിച്ചു. ഇത്തരം ഹർജികൾ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ജസ്റ്റിസ് നാഗരത്ന മുന്നറിയിപ്പ് നൽകി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, "നിങ്ങൾക്ക് ശബരിമലയിൽ കാര്യമെന്താണ്? നിങ്ങൾ രാജ്യത്തിന്റെ മുഖ്യതന്ത്രിയാണോ?" എന്ന് ചോദിച്ചു. നിയമത്തെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് സംഘടനയെ കോടതി വിമർശിച്ചു. സംഘടനയുടെ പ്രസിഡന്റ് ആരാണെന്ന് അഭിഭാഷകനോട് ചോദിച്ചു. യങ് ലോഴ്സ് അസോസിയേഷന്റെ അഭിഭാഷകൻ, "നൗഷാദ് അലി" എന്നാണ് മറുപടി നൽകിയത്. സംഘടന ഹർജി സമർപ്പിക്കുന്നതിന് മുമ്പ് പ്രമേയം പാസ്സാക്കിയിരുന്നോയെന്നും, സംഘടനയുടെ ഭാരവാഹികൾ ശബരിമല വിശ്വാസികളാണോയെന്നും ജസ്റ്റിസ് അരവിന്ദ് കുമാർ ചോദിച്ചു. പ്രമേയം പാസ്സാക്കിയിരുന്നില്ലെന്ന മറുപടി ലഭിച്ചപ്പോൾ, സംഘടനയോട്, "നിങ്ങൾ രാജ്യത്തിന്റെ മുഖ്യതന്ത്രിയാണോ?" എന്ന ചോദ്യം ഉന്നയിച്ചു.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നത് പ്രതിഷ്ഠയ്ക്ക് ഇഷ്ടമല്ലെന്ന് ദേവപ്രശ്നത്തിൽ കണ്ടെന്നാണ് തന്ത്രി പറയുന്നതെന്ന് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനു വേണ്ടി അഡ്വ. വരി പ്രകാശ് ഗുപ്ത ചൂണ്ടിക്കാട്ടി. യുവതികളെ പ്രവേശിപ്പിക്കുന്നതിൽ നിന്ന് വിലക്കുന്ന ആചാരം കടുത്ത വിവേചനമാണെന്ന് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത് അഞ്ചംഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാർ മാത്രമാണെന്നും റഫറൻസ് നിലനിൽക്കില്ലെന്നും അഭിഭാഷകൻ പറഞ്ഞു. ഹർജി സമർപ്പിച്ചത് പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണെന്ന മറുപടി ലഭിച്ചപ്പോൾ, കോടതി കൂടുതൽ വിമർശനം ഉന്നയിച്ചു. പൊതുതാൽപര്യ ഹർജികളുടെ പേരിൽ പ്രശസ്തി താൽപ്പര്യ ഹർജികളും പൈസാ താൽപ്പര്യ ഹർജികളും വരുന്നതായി ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വരുന്ന ഹർജി തുടക്കത്തിലേ തള്ളേണ്ടതായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു.
Photo and News Source: Samakalika Malayalam









