തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച ശേഷം തലസ്ഥാനത്തെത്തിയ പിണറായി വിജയനെ ക്ലിഫ് ഹൗസിലെത്തിച്ച പാർട്ടി സെക്രട്ടറിയുടെ കാറിന് സംസ്ഥാനത്തുടനീളം ഗതാഗത നിയമലംഘനത്തിന് 18 തവണ പിഴ ചുമത്തിയിട്ടുണ്ട്. കെ.എൽ.01 സി.ആർ. 4291 ഇന്നോവ ക്രിസ്റ്റയ്ക്ക് 2023-ന് ശേഷം വിവിധയിടങ്ങളിലായി 13,750 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഇതിൽ ഒന്നും അടച്ചിട്ടില്ല. നിശ്ചിത സമയത്തിനുള്ളിൽ പിഴയടയ്ക്കാത്തതിനാൽ രണ്ടു കേസുകൾ കോടതിക്ക് കൈമാറിയിട്ടുമുണ്ട്.
മുൻസീറ്റ് യാത്രികൻ സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തതിനാണ് ഈ വാഹനത്തിന് 12 തവണ 500 രൂപ വീതം പിഴ ചുമത്തിയത്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിന്റെ മുൻസീറ്റിൽ ഇരിക്കുന്ന ചിത്രവും ഗതാഗതവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അമിത ശബ്ദമുണ്ടാക്കുന്ന നാലു ഹോണുകൾ ഘടിപ്പിച്ചതിന് 2023-ൽ മോട്ടോർ വാഹനവകുപ്പും കേസെടുത്തിട്ടുണ്ട്. ഇവയെല്ലാം ഇപ്പോഴും നീക്കം ചെയ്തിട്ടില്ല. ശബ്ദമലിനീകരണത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും ഹോണുകൾ നീക്കം ചെയ്യാൻ മോട്ടോർ വാഹനവകുപ്പ് രേഖാമൂലം നിർദ്ദേശം നൽകിയിട്ടില്ല.
ചില്ലുകളിൽ കാഴ്ച മറയ്ക്കുന്ന കട്ടികൂടിയ കറുത്ത ഫിലിം പതിച്ചതിനും സിഗ്നൽ ലംഘിച്ചതിനും കേസുണ്ട്. 2025 ജനുവരിയിൽ കോവളം-കാരോട് ദേശീയപാതയിൽ യു.എസ്.ടി ജങ്ഷനിൽ 120 കിലോമീറ്റർ വേഗത്തിൽ പോയതിനും പിഴ ചുമത്തിയിട്ടുണ്ട്. അപകടകരമായ ഡ്രൈവിങ്ങിനാണ് ഈ കേസ്. 2025 ഓഗസ്റ്റിൽ കിളിമാനൂർ-കൊട്ടാരക്കര റോഡിൽ അമിത വേഗത്തിൽ പാഞ്ഞതിനും കേസുണ്ട്. ഈ വാഹനം സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 18 തവണ പിഴ ചുമത്തിയിട്ടുണ്ട്.
പിഴക്കുടിശ്ശിക തീർപ്പാക്കാൻ സ്വന്തം സർക്കാർ പ്രഖ്യാപിച്ച ഇളവും പാർട്ടി വിനിയോഗിച്ചിട്ടില്ല. ഗതാഗത നിയമലംഘനങ്ങൾക്ക് 50% ഇളവ് നൽകുന്ന പുതിയ പദ്ധതി ഏപ്രിൽ 30-ന് അവസാനിക്കും. ഈ ഇളവും ഈ വാഹനത്തിന് പ്രയോജനപ്പെടുമായിരുന്നു. മോട്ടോർ വാഹന വകുപ്പ് ട്രാഫിക് നിയമലംഘനത്തെക്കുറിച്ച് ബോധവത്കരണ പരിപാടികളും നടത്തുന്നുണ്ട്. പിഴയടയ്ക്കാൻ 50% ഓഫറും ലഭ്യമാണ്. ഈ ആനുകൂല്യം ഏപ്രിൽ 30 വരെ മാത്രമാണ്.
Photo and News Source: Mathrubhumi









