തൊടുപുഴ (ഇടുക്കി): 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിനെ തുടർന്ന്, വരുന്ന മന്ത്രിസഭയിൽ രണ്ട് മന്ത്രി സ്ഥാനങ്ങളും ചീഫ് വിപ്പ് പദവിയും ആവശ്യപ്പെടാൻ കേരള കോൺഗ്രസ് തീരുമാനിച്ചു. പാർട്ടിയുടെ ഏഴ് വിജയിച്ച എം.എൽ.എമാരെയും ചെയർമാൻ പി.ജെ. ജോസഫ് വോട്ടെണ്ണലിനുശേഷം തൊടുപുഴയിലെ പുറപ്പുഴ വീട്ടിലേക്ക് വിളിച്ചുവരുത്തി യോഗം ചേർന്നു. യു.ഡി.എഫ്. മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയെന്ന നിലയിൽ അർഹതപ്പെട്ട സ്ഥാനം ലഭിക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. പ്രധാന വകുപ്പുകളിലൊന്നും ആവശ്യപ്പെടുമെന്ന് പാർട്ടി സൂചിപ്പിച്ചു.
യോഗത്തിൽ മുതിർന്ന നേതാവ് അഡ്വ. മോൻസ് ജോസഫിനെ നിയമസഭാകക്ഷി നേതാവായും, ഡെപ്യൂട്ടി ലീഡറായി ഇരിങ്ങാലക്കുടയിൽനിന്ന് വിജയിച്ച തോമസ് ഉണ്ണിയാടനെയും, വിപ്പായി തൊടുപുഴയിൽനിന്നുള്ള അപു ജോൺ ജോസഫിനെയും തിരഞ്ഞെടുത്തു. 2021-ലെ തിരഞ്ഞെടുപ്പിൽ 10 സീറ്റിൽ മത്സരിച്ച പാർട്ടി, കോൺഗ്രസിന്റെ നിർബന്ധത്തിന് വഴങ്ങി ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ വിട്ടുകൊടുത്തിരുന്നു. എന്നാൽ, 2026-ൽ എട്ട് സീറ്റിൽ മത്സരിച്ച് ഏഴിടത്തും വൻ ഭൂരിപക്ഷത്തോടെ വിജയിച്ച കേരള കോൺഗ്രസ്, അർഹതപ്പെട്ട സ്ഥാനം ആവശ്യപ്പെടുന്നു. 2021-ൽ കോൺഗ്രസ് നേതാക്കൾ പി.ജെ. ജോസഫിന് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിട്ടുവീഴ്ച.
മുൻ കാലങ്ങളിലെ യു.ഡി.എഫ്. മന്ത്രിസഭകളിൽ കേരള കോൺഗ്രസിന് രണ്ട് മന്ത്രിമാരും ചീഫ് വിപ്പ് പദവിയുമുണ്ടായിരുന്നു. അതിൽ കൂടുതൽ ആവശ്യപ്പെടുന്നില്ലെന്നും, അർഹതപ്പെട്ടത് മാത്രമാണ് ആവശ്യപ്പെടുന്നതെന്നുമാണ് പാർട്ടി നിലപാട്. വരും ദിവസങ്ങളിൽ മുന്നണിക്കുള്ളിൽ നടക്കുന്ന ചർച്ചകളിൽ ഈ ആവശ്യം ഉന്നയിക്കാൻ മോൻസ് ജോസഫിനെയും അപു ജോൺ ജോസഫിനെയും ചുമതലപ്പെടുത്തി. കോൺഗ്രസിന് 63 സീറ്റുകൾ ഉള്ളതിനാൽ വലിയ സമ്മർദ്ദം ചെലുത്താൻ കേരള കോൺഗ്രസിന് കഴിയില്ല. എന്നാൽ, ഒരേയൊരു കേരള കോൺഗ്രസ് മാത്രമാണുള്ളതെന്ന പി.ജെ. ജോസഫിന്റെ പ്രഖ്യാപനം സമ്മർദ്ദതന്ത്രം കൂടിയാണ്.
ഒരുമന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും മാത്രം ലഭിക്കുന്നതെങ്കിൽ, മോൻസ് ജോസഫിനെ മന്ത്രിയായും, തോമസ് ഉണ്ണിയാടനെ ചീഫ് വിപ്പുമായി പരിഗണിക്കാനാണ് ധാരണ. രണ്ടാം മന്ത്രി സ്ഥാനം ലഭിച്ചാൽ അപുവിന് വഴിയൊരുങ്ങും. യോഗത്തിൽ നിയമസഭാകക്ഷി സെക്രട്ടറിയായി ഷിബു തെക്കുംപുറത്തിനെയും, ട്രഷററായി റെജി ചെറിയാനെയും തിരഞ്ഞെടുത്തു. നിയുക്ത എം.എൽ.എമാരായ അഡ്വ. വർഗീസ് മാമ്മൻ, വിനു ജോബ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Photo and News Source: Mathrubhumi









