ഡബ്ലിന്‍ സെന്റ്രല്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായ ജെറി ഹച്ച്, അനധികൃത കുടിയേറ്റക്കാരെ തടവിലിടണമെന്ന വിവാദപരമായ ആഹ്വാനം ഉയർത്തിയിട്ടുണ്ട്. രാജ്യത്തെ നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ‘ദി മങ്ക്’ എന്ന വിളിപ്പേരുള്ള ഹച്ച്, രാജ്യത്തെ സൈനിക ക്യാംപായ കുറായില്‍ ഇത്തരം കുടിയേറ്റക്കാരെ തടവിലിടണമെന്നും, ഭക്ഷണം മാത്രമേ നല്‍കാവൂ എന്നും, പണമോ പാർപ്പിടമോ നല്‍കരുത് എന്നും ആവശ്യപ്പെട്ടു. അതേസമയം, ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നും ജോലിക്കായി എത്തുന്നവരെ സ്വാഗതം ചെയ്യുന്നതായും, സൊമാലിയ പോലുള്ള രാജ്യങ്ങളിൽ നിന്നും വരുന്നവരെ മാത്രം തടവിലിടണമെന്നും അദ്ദേഹം വ്യക്തമാക്കി. മക്ക് ഡൊണാൾഡ്സ് പോലുള്ള സ്ഥാപനങ്ങളിലെ ജോലികൾക്കായി വിദേശികളെ ആവശ്യമാണെന്നും ഹച്ച് അഭിപ്രായപ്പെട്ടു.
ഇതാദ്യമായാണ് ഹച്ച് തന്റെ രാഷ്ട്രീയ നിലപാടുകൾ പൊതുവേദിയിൽ പ്രകടിപ്പിക്കുന്നത്. എന്നാൽ, വലതുപക്ഷ സ്വഭാവമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇതിനകം വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. അയർലണ്ടുകാർ തങ്ങളുടെ മക്കൾ മക്ക് ഡൊണാൾഡ്സ് പോലുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും, അത്തരം ജോലികൾ കുടിയേറ്റക്കാരെ ഏൽപ്പിക്കണമെന്നുമാണ് ഹച്ചിന്റെ വാദം. ഹച്ചിന്റെ വാക്കുകൾ ഡൊണാൾഡ് ട്രംപിന്റെ രീതികളോട് സാമ്യമുള്ളതാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
ഡബ്ലിന്‍ സിറ്റി കൗൺസിലറും ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുമായ ജാനറ്റ് ഹോർണർ, ഹച്ചിന്റെ വാക്കുകൾ ഡൊണാൾഡ് ട്രംപിന്റെ പാഠപുസ്തകത്തിൽ നിന്നുള്ളതാണെന്ന വിമർശനത്തോടെ പ്രതികരിച്ചു. സൊമാലിയയിൽ നിന്നുള്ളവർക്കെതിരായ പ്രത്യേക പരാമർശം മുന്‍വിധിയോടെയുള്ളതും, ദോഷകരമായതുമാണെന്നും, രാജ്യത്തേയ്ക്ക് അഭയം തേടി വരുന്ന എല്ലാവർക്കും അവരുടെ രാജ്യമോ വംശമോ അടിസ്ഥാനമാക്കാതെ, മറ്റുള്ളവർക്ക് നല്‍കുന്ന അതേ അന്തസ്സോടെ പരിഗണിക്കണമെന്നും ഹോർണർ വ്യക്തമാക്കി. ഡബ്ലിന്‍ സെന്റ്രലിന് വേണ്ടത് യഥാർത്ഥ പ്രശ്നപരിഹാരക്കാരെയാണെന്നും, വിദ്വേഷവും വിഘടനവും സൃഷ്ടിക്കുന്നവരെ അല്ലെന്നും ഹോർണർ ചൂണ്ടിക്കാട്ടി. മെയ് 22-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഹച്ചിനെ പോലുള്ള തീവ്രവലതുപക്ഷ വാദികളെ തോല്പിക്കാൻ ജനങ്ങൾ വോട്ടുചെയ്യുമെന്നും ഹോർണർ പ്രതീക്ഷ പ്രകടിപ്പിച്ചു.
Photo and News Source: Sathyam Online










