അയർലണ്ടിലെ പൊതുമേഖലാ ജോലികളിലേക്ക് അപേക്ഷിക്കുന്നവരിൽ മൂന്നിലൊന്ന് പേർ ഇന്റർവ്യൂവിനോ ഓൺലൈൻ പരിശോധനയ്‌ക്കോ ഹാജരാകുന്നില്ലെന്നും, അപേക്ഷ പിൻവലിക്കുന്നവരും ഉള്ളതായി പബ്ലിക് ജോബ് സർവീസ് റിപ്പോർട്ട് ചെയ്യുന്നു. 2024-25-ലെ റിക്രൂട്ട്‌മെന്റിനായി ഒരു ലക്ഷത്തിലധികം അപേക്ഷകരെ തിരഞ്ഞെടുത്തിരുന്നെങ്കിലും, 30,000-ലധികം പേര് ഇന്റർവ്യൂവിന് എത്താതെ പോയതായും അപേക്ഷ പിൻവലിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. കുറഞ്ഞ ശമ്പളം, ദീർഘമായ കാത്തിരിപ്പ് സമയം എന്നിവയാണ് ഇത്തരത്തിലുള്ള പ്രവണതയ്ക്ക് പ്രധാന കാരണമെന്ന് അപേക്ഷകരുടെ പ്രതികരണങ്ങളിൽ വ്യക്തമാകുന്നു.
ഗാർഡ് റിക്രൂട്ട്‌മെന്റിലാണ് ഈ പ്രശ്നം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വർഷം 6,600 പേരെ ഓൺലൈൻ ടെസ്റ്റിന് ക്ഷണിച്ചിരുന്നെങ്കിലും 3,200 പേർ മാത്രമേ ഹാജരായുള്ളൂ. ടെസ്റ്റിന് ശേഷം 3,000 പേരെ ഇന്റർവ്യൂവിന് തിരഞ്ഞെടുത്തിരുന്നെങ്കിലും 728 പേർ പങ്കെടുക്കാതെ പോയി. 2024-ലും സമാനമായ സ്ഥിതിയാണ്. 6,350 പേരെ ഓൺലൈൻ ടെസ്റ്റിന് വിളിച്ചപ്പോൾ 3,000-ലധികം പേർ ഹാജരായില്ല.
സിവിൽ സർവീസ് ജോലികളിലും ഇതേ അവസ്ഥയാണ്. ഒരു ഉയർന്ന ജോലിയിലേക്ക് 266 പേരെ ഇന്റർവ്യൂവിന് ക്ഷണിച്ചെങ്കിലും 97 പേർ മാത്രം ഹാജരായി. മറ്റൊരു ജോലിയിലേക്ക് 461 പേരെ ക്ഷണിച്ചപ്പോൾ 131 പേർ എത്തിയില്ല. ഒരു ട്രെയിനി ഓഡിറ്റർ ജോലിക്ക് 40 ശതമാനത്തിലധികം പേരും ഇന്റർവ്യൂവിൽ ഹാജരാകാത്ത സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യമേഖലയിലും സമാനമായ പ്രവണതയാണ്. ഡോക്ടർമാരടക്കം പലരും ഇന്റർവ്യൂവിൽ ഹാജരാകാതെ അപേക്ഷ പിൻവലിച്ചിട്ടുണ്ട്. ശമ്പളക്കുറവ്, ദീർഘമായ കാത്തിരിപ്പ് സമയം എന്നിവയെക്കൂടാതെ, അപേക്ഷകരുടെ മറ്റൊരു ജോലിയിലേക്കുള്ള പ്രവേശനം, ആരോഗ്യപരമായ കാരണങ്ങൾ, ജോലിയുടെ വിശദാംശങ്ങൾ മനസ്സിലാക്കാതെ അപേക്ഷ നൽകൽ എന്നിവയും ഈ പ്രവണതയ്ക്ക് കാരണമാകുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ചിലർ ജോലിയുടെ സ്വഭാവം മനസ്സിലാക്കാതെ അപേക്ഷ നൽകുകയും, പിന്നീട് ഇന്റർവ്യൂവിൽ ഹാജരാകാതിരിക്കുകയും ചെയ്യുന്നു.
പബ്ലിക് ജോബ് സർവീസ് ഈ പ്രശ്നത്തെ ഗൗരവമായി എടുക്കുകയും, അപേക്ഷകരുടെ പ്രതിസന്ധികൾ മനസ്സിലാക്കി പരിഹാര നടപടികൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നുണ്ട്. അപേക്ഷകരുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി, ജോലിയുടെ സ്വഭാവം, ശമ്പളം, ജോലിസ്ഥലം എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത്തരം നടപടികൾ വഴി, അപേക്ഷകരുടെ ഇന്റർവ്യൂ ഹാജരാകുന്നതിന്റെ എണ്ണം വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
Photo and News Source: Sathyam Online










