കടലുണ്ടിപ്പുഴയുടെ സംരക്ഷിത മേഖലയായ കടലുണ്ടിക്കടവ് ചെമ്പൈത്തോടിനടുത്ത് അനധികൃത നിർമ്മാണപ്രവർത്തികൾ നടക്കുന്നതായി പഞ്ചായത്ത് അധികൃതർക്ക് പരാതി ലഭിച്ചതിനെത്തുടർന്ന് ഔട്ട്പോസ്റ്റ് പോലീസ് ജോലികൾ നിർത്തിവെക്കാൻ നിർദ്ദേശം നൽകി. തിങ്കളാഴ്ചയാണ് സംഭവം. കടലുണ്ടിപ്പുഴ സംരക്ഷണസമിതി പ്രസിഡന്റ് പി. കൃഷ്ണദാസ്, പുഴയിലെ കൈത്തോട് സ്വകാര്യവ്യക്തി നിയമം ലംഘിച്ച് മണ്ണിട്ടുനികത്തുകയും കരിങ്കൽഭിത്തി നിർമ്മിച്ച് അതിരിടുകയും ചെയ്തതായി ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. രണ്ടാഴ്ച മുമ്പ് കണ്ടൽച്ചെടികൾ വെട്ടിയതായി കണ്ടെത്തിയിരുന്നെങ്കിലും തിങ്കളാഴ്ച അവശിഷ്ടങ്ങൾ സ്ഥലത്തുണ്ടായിരുന്നില്ലെന്നും പുഴസംരക്ഷണസമിതി പ്രവർത്തകർ വ്യക്തമാക്കി.

രണ്ടുതവണ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും അനധികൃതനിർമ്മാണം തുടരുന്നുവെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചതിനെത്തുടർന്നാണ് പോലീസ് ജോലികൾ നിർത്താൻ നിർദ്ദേശം നൽകിയത്. കണ്ടൽസംരക്ഷിതവനമായി പ്രഖ്യാപിക്കപ്പെട്ട കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിന്റെ മൂക്കിനുതാഴെയാണ് ഈ അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നതെന്നും സമിതി അഭിപ്രായപ്പെട്ടു. ഏറെക്കാലമായി നിർത്തിവെച്ചിരുന്ന അനധികൃതനിർമ്മാണം വീണ്ടും നടക്കുന്നതായി കൃഷ്ണദാസ് പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചതിനെത്തുടർന്ന് മാർച്ച് 23-ന് സെക്രട്ടറി അജുരാജു, അസിസ്റ്റന്റ് സെക്രട്ടറി പി. മിനു, വനിതാജീവനക്കാർ എന്നിവർ സ്ഥലപരിശോധന നടത്തിയിരുന്നു. പരിശോധനയിൽ കടലുണ്ടിക്കടവിലെ കണ്ടൽച്ചെടികൾ വെട്ടിനശിപ്പിച്ചതായി കണ്ടെത്തിയിരുന്നു.

സ്റ്റോപ്പ് മെമ്മോ നൽകിയതിനെത്തുടർന്ന് രഹസ്യമായി വീണ്ടും നിർമ്മാണം ആരംഭിച്ചതായി സമിതി ആരോപിക്കുന്നു. രണ്ടുവർഷത്തോളമായി ഒളിഞ്ഞുംതെളിഞ്ഞും നടക്കുന്ന പ്രവർത്തിയാണെന്നും സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നതാണെന്നും കടലുണ്ടിപ്പുഴ സംരക്ഷണസമിതി ചൂണ്ടിക്കാട്ടി. 2024 ജൂൺ 16-ന് ലഭിച്ച വിവരാവകാശരേഖയിൽ കൈയേറ്റം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന വിവരം ഉൾക്കൊള്ളുന്നുണ്ടായിരുന്നു. തുടർന്ന് നടപടികൾ ഊർജിതമായതോടൊപ്പം കോട്ടക്കടവിലും സ്വകാര്യവ്യക്തിയുടെ പുഴകൈയേറ്റം കണ്ടെത്തിയെന്നും സമിതി അറിയിച്ചു. 2024 ഫെബ്രുവരി 8-ന് നൽകിയ പരാതിയെത്തുടർന്ന് മേയ് 15-ന് വിവരാവകാശം വഴി വിവരം ലഭിക്കാൻ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ജൂൺ 13-ന് വിവരാവകാശപ്രകാരമുള്ള വിവരങ്ങൾ ലഭിച്ചതായി സമിതി ഭാരവാഹികൾ വ്യക്തമാക്കി.

Photo and News Source: Mathrubhumi