തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമുണ്ടായെങ്കിലും എല്‍ഡിഎഫിന് തിരിച്ചുവരാന്‍ സിപിഎമ്മിന്റെ നേതൃത്വം പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം. ശക്തമായ ഭരണപക്ഷത്തെ നേരിടാന്‍ പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്നാണ് സിപിഎമ്മിലെ ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തോല്‍വിയുടെ പേരില്‍ നേതൃത്വം ഒഴിയേണ്ടതില്ലെന്നും തിരിച്ചുവരവിന് പിണറായി അനിവാര്യമാണെന്നുമാണ് നേതാക്കള്‍ വാദിക്കുന്നത്. ഇത്തരത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം പാര്‍ട്ടിയെ നയിച്ച പിണറായി വിജയന്‍, അതില്‍ പത്തു വര്‍ഷം മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവില്‍ ഒരു തോല്‍വിയുടെ പേരില്‍ പിണറായി വിജയന്‍ മാറി നില്‍ക്കേണ്ടതില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. അത്തരത്തില്‍ മാറിനിന്നാല്‍ തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തവും പിണറായിയുടെ മേല്‍ വരുമെന്നാണ് അവരുടെ വാദം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് ജയപരാജയങ്ങളെ സ്വാഭാവികമായി കാണുന്ന രീതിയാണ് പാര്‍ട്ടി നേതൃത്വം സ്വീകരിക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.
നിലവില്‍ ഭരണപക്ഷം ശക്തമായിരിക്കുകയാണ്. യുഡിഎഫ് നേതാക്കളില്‍ ഭൂരിപക്ഷവും നിയമസഭയിലെത്തിയിട്ടുണ്ട്. ഇവരെ നേരിടാന്‍ ശക്തമായ പ്രതിപക്ഷ നേതാവ് ആവശ്യമാണെന്നാണ് സിപിഎം നേതാക്കളുടെ അഭിപ്രായം. കെ.എന്‍. ബാലഗോപാല്‍ പ്രതിപക്ഷ നേതാവാകാന്‍ അര്‍ഹനാണെങ്കിലും, ശക്തമായ ഭരണപക്ഷത്തെ നേരിടാന്‍ പിണറായി വിജയനെ പോലെ കരുത്തുള്ള നേതാവ് തന്നെ വേണമെന്നാണ് അവരുടെ ആവശ്യമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Photo and News Source: Samakalika Malayalam










