കാരന്തൂർ: മാർക്കസ് ഐടിഐയിൽ ഈ വർഷം പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ പ്ലേസ്മെന്റ് ഡ്രൈവിന്റെ ആദ്യഘട്ടത്തിൽ പങ്കെടുത്ത 40 പേരും തൊഴിൽ നേടി. റഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിംഗ്, കംപ്യൂട്ടർ എഞ്ചിനീയറിംഗ് ട്രേഡുകളിലെ വിദ്യാർത്ഥികൾക്കായാണ് കാമ്പസിൽ കഴിഞ്ഞ ദിവസം പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചത്. മറ്റു ട്രേഡുകളിലെ വിദ്യാർത്ഥികൾക്ക് വരും ദിവസങ്ങളിൽ ഇന്റർവ്യൂ നടക്കും.
മാർക്കസ് ഐടിഐ, കഴിഞ്ഞ കുറേ വർഷങ്ങളായി പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും തൊഴിൽ ഉറപ്പുനൽകുന്ന സ്ഥാപനമായി മാറിയിട്ടുണ്ട്. ഐടിഐ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ എൻ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സുപ്രീംകൂൾ കാലിക്കറ്റ്, സ്റ്റാർ എയർകണ്ടീഷനർ, ക്ലൗഡ് കൂളിംഗ് സൊലൂഷൻസ്, എ.ആർ.എം സ്ട്രോങ് കൂളിംഗ് സൊലൂഷൻസ്, മിത്ത് എയർകണ്ടീഷനിംഗ്, പോയിന്റ് ബ്ലാങ്ക് സൊല്യൂഷൻസ് തുടങ്ങിയ കമ്പനികൾ പങ്കെടുത്തു.
ഐടിഐ വൈസ് പ്രിൻസിപ്പൽ അബ്ദുറഹിമാൻ കുട്ടി, സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ, മോറൽ ഇൻസ്ട്രക്ടർ അബ്ദുൽ അസീസ് സഖാഫി, പ്ലേസ്മെന്റ് ഓഫീസർ ഇറാഷ് വി.കെ, ഷമീർ പി.കെ, ഡെയ്നി.പി.ടി, നിയാസ് എന്നിവർ സംസാരിച്ചു. പ്ലേസ്മെന്റ് ഡ്രൈവിന്റെ വിജയത്തെക്കുറിച്ച് പ്രിൻസിപ്പൽ മുഹമ്മദലി പ്രതികരിച്ചുകൊണ്ട്, 'വിദ്യാർത്ഥികളുടെ കഴിവിനെ വിശ്വസിക്കുന്ന കമ്പനികളുടെ പിന്തുണയാണ് ഈ നേട്ടത്തിന് കാരണം' എന്നു പറഞ്ഞു. മറ്റു ട്രേഡുകളിലെ വിദ്യാർത്ഥികൾക്കും തൊഴിൽ ലഭ്യമാക്കുന്നതിനായി ഇനിയും ഡ്രൈവുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Photo and News Source: Siraj Live










