മലപ്പുറം ജില്ലയിലെ കണ്ണമംഗലം പഞ്ചായത്തില്‍ ജപ്പാന്‍ മസ്തിഷ്കജ്വരം (Japanese Encephalitis) സ്ഥിരീകരിച്ച രണ്ട് കേസുകളാണ് പുതിയ ആശങ്കയുണ്ടാക്കുന്നത്. 60, 70 വയസ്സുള്ള രണ്ട് സ്ത്രീകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ ഇപ്പോൾ സുഖം പ്രാപിച്ച് വീട്ടിൽ വിശ്രമത്തിലായപ്പോൾ, മറ്റേയാൾ മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിലാണ് ചികിത്സയില്‍ തുടരുന്നത്. രണ്ട് കേസുകളും 17, 21 വാര്‍ഡുകളിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രഥമിക പരിശോധനയില്‍ തന്നെ പഞ്ചായത്ത് ഭരണസമിതിയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ രോഗബാധിതരുടെ വീടിന് 500 മീറ്റർ ചുറ്റളവില്‍ പനി സർവേ നടത്തിയിരുന്നു. കൊതുകിലൂടെ പകരുന്ന രോഗമായതിനാല്‍ കൊതുകിന്റെ പ്രജനന കേന്ദ്രങ്ങള്‍ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. കക്കൂസ് സ്ലാബിന് വിടവുകള്‍ ഇല്ലാതെയാക്കാനും ഗ്യാസ് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി. പ്രദേശത്തെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനും നടപടികള്‍ സ്വീകരിച്ചു.

വാര്‍ഡ് മെമ്പര്‍മാരായ കെ.ടി. കുഞ്ഞാലസന്, കെ. അബ്ദുറഹ്‌മാന്, ജൂനിയര്‍ ഹെൽത്ത് ഇൻസ്‌പെക്ടര്‍ അതുല്‍ ദേവ്, വാളക്കുട സബ് സെന്ററിലെ ആശാ വർക്കര്‍മാരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ജില്ലാ വെക്റ്റര്‍ കണ്‍ട്രോള്‍ യൂനിറ്റിന്റെയും എന്‍ഡമോളജിസ്റ്റിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രദേശത്ത് രോഗാണുക്കളെ വഹിക്കുന്ന കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് കൊതുകുകള്‍ പെരുകുന്നതിനുള്ള പ്രധാന കാരണം തോട്ടശ്ശേരിയറയിലെ ജുമാ മസ്ജിദിന് പിറകിലുള്ള വലിയ കുളമാണ്. ഈ കുളത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വർഷങ്ങളായി തർക്കം നിലനില്‍ക്കുന്നതിനാല്‍ വൃത്തിയാക്കാന്‍ കഴിയുന്നില്ല.

2023-ൽ വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ച് 24 വയസ്സുള്ള ഒരു യുവതി മരണപ്പെട്ടിരുന്നു. വെസ്റ്റ് നൈല്‍ രോഗം ബാധിച്ച പ്രദേശത്തിന് 2 കിലോമീറ്റർ ചുറ്റളവിലാണ് ജപ്പാന്‍ മസ്തിഷ്കജ്വര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബ്ലോക്ക് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. മേനക വാസുദേവ്, ഹെൽത്ത് സൂപ്പര്‍വൈസര്‍ കെ. രാജന്, എപ്പിഡെമിയോളജിസ്റ്റ് വി. ശ്രീഷ്മ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

വാര്‍ഡ് മെമ്പര്‍ നെടുമ്പള്ളി സൈതലവി, പബ്ലിക് ഹെൽത്ത് നഴ്‌സ് പി.എം. മിനി, ജൂനിയര്‍ ഹെൽത്ത് ഇൻസ്‌പെക്ടര്‍ സി. രഞ്ജു, ജൂനിയര്‍ പബ്ലിക് ഹെൽത്ത് നഴ്‌സ് ബില്‍ഹാറാണി എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ജപ്പാന്‍ മസ്തിഷ്കജ്വരം ബാധിച്ച പ്രദേശങ്ങളിലെ നിലവിലെ സ്ഥിതി അതിഗുരുതരമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കല്‍ അറിയിച്ചു. ഈ മാസം 7-ന് നടക്കുന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പകര്‍ച്ചവ്യാധി വ്യാപനവും തോട്ടശ്ശേരിയറയിലെ കുളം വൃത്തിയാക്കുന്ന കാര്യവും പ്രത്യേക അജണ്ടയായി ചര്‍ച്ച ചെയ്യുമെന്ന് പ്രസിഡന്റ് പറഞ്ഞു.

കുളത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരുവശത്തുമുള്ള ആളുകളെയും വിളിച്ചുകൂട്ടി കുളം വൃത്തിയാക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. കണ്ണമംഗലത്തെ പ്രത്യേക സാഹചര്യത്തില്‍ ജപ്പാന്‍ മസ്തിഷ്കജ്വരത്തിനെതിരെ വാക്സിനേഷന്‍ വ്യാപകമാക്കുമെന്ന് ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ.യും സർവൈലൻസ് ഓഫിസറുമായ ഡോ. സി. ഷുബിന് അറിയിച്ചു. 'ജെ.ഇ. വാക്സിനേഷനിലൂടെ ഈ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയും' എന്ന് ഡോ. ഷുബിന് പറഞ്ഞു. ഹോട്ട്‌സ്‌പോട്ട് എന്ന നിലയില്‍ പരിശോധനയും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.