വടകര: നാളികേര ഉത്പന്നങ്ങളെ പിന്നിലാക്കി ചകിരി ഉത്പന്നങ്ങൾ കയറ്റുമതിയിൽ മുന്നിട്ടുനിൽക്കുന്നു. 2025-ൽ 61.2 കോടി ഡോളർ (5600 കോടി രൂപ) മൂല്യമുള്ള ചകിരി ഉത്പന്നങ്ങൾ കയറ്റിയയച്ചു. 2024-ൽ ഇത് 35.8 കോടി ഡോളർ മാത്രമായിരുന്നു. ഒറ്റവർഷം കൊണ്ട് 70 ശതമാനം വർധനവ്. ആഗോളതലത്തിൽ ഉയർന്ന ഡിമാൻഡും വിലവർധനയുമാണ് ഇതിനു കാരണം.
2025-ൽ ലോകത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ രാജ്യമായി ഇന്ത്യ മാറി. ശ്രീലങ്കയുടെ 21 ശതമാനത്തിനെതിരെ ഇന്ത്യ 70 ശതമാനം നേട്ടം കൈവരിച്ചു. ഇന്ത്യയുടെ കയറ്റുമതിമൂല്യത്തിന്റെ 85 ശതമാനവും ചകിരിച്ചോറിൽ നിന്നാണ്. 2025-ൽ 9.54 ലക്ഷം ടൺ ചകിരിച്ചോർ കയറ്റി. മൂല്യം 48.69 കോടി ഡോളർ. 2024-ൽ 7.32 ലക്ഷം ടണ്ണായിരുന്നു കയറ്റുമതി.
ചകിരിച്ചോറിന്റെ ആഗോള ആവശ്യവും ഉയർന്ന വിലയുമാണ് ഈ വർധനയ്ക്കു പിന്നിൽ. അളവിൽ 30 ശതമാനം വർധനയുണ്ടായപ്പോൾ മൂല്യത്തിൽ 85 ശതമാനം വർധനയുണ്ടായി. ചകിരി ഉത്പന്നങ്ങളുടെ ഭാവി പ്രകാശമാനമാണ്.
Photo and News Source: Mathrubhumi



