ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന് കൊളത്തൂർ മണ്ഡലത്തിൽ തന്നെ പരാജയം. നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർത്ഥി വിഎസ് ബാബു, സ്റ്റാലിനെ അട്ടിമറിച്ചു.
2021-ൽ 70,000-ത്തിലധികം വോട്ടുകൾക്ക് വിജയിച്ച മണ്ഡലത്തിൽ സ്റ്റാലിൻ മൂക്കുംകുത്തി വീണു. മുഖ്യമന്ത്രി തന്നെ പരാജയപ്പെട്ടത് തമിഴ്നാട് രാഷ്ട്രീയത്തെതന്നെ ഉലച്ചു. സ്റ്റാലിന്റെ നാലാമത്തെ തോൽവിയാണിത്. 2011-ൽ സ്റ്റാലിൻ ആദ്യമായി മത്സരിച്ചപ്പോൾ കൊളത്തൂരിന്റെ തെരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്നു ബാബു. പിന്നീട് സ്റ്റാലിന്റെ ഭൂരിപക്ഷം കുറഞ്ഞതോടെ ബാബുവിനെ പദവിയിൽ നിന്ന് നീക്കി.
വൈരാഗ്യത്തിൽ ഡിഎംകെ വിട്ട ബാബു, എഐഎഡിഎംകെയിൽ ചേർന്നു. പിന്നീട് വിജയിയുടെ ടിവികെയിൽ എത്തി. തമിഴ്നാട്ടിൽ വൻ കുതിപ്പോടെ ടിവികെ അധികാരത്തിലേറുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 234 സീറ്റുകളിൽ 108-ൽ ടിവികെ സ്ഥാനാർഥികൾ വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നു. ഡിഎംകെ 60 സീറ്റിലേക്ക് ഒതുങ്ങി. ഡിഎംകെ ആസ്ഥാനം ആളൊഴിഞ്ഞതായി തോന്നുന്നു.
Photo and News Source: Newsthen










