ന്യൂഡൽഹി: പന്ത്രണ്ടു വർഷത്തിനിടെ മോദി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ ലോക്സഭയിൽ പരാജയപ്പെടുന്നത് ആദ്യമായാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കിടയിലുണ്ടായ വോട്ടെടുപ്പ് പരാജയം സർക്കാരിന് വലിയ തിരിച്ചടിയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവത്തിനേറ്റ തിരിച്ചടിയാണിത്.
കാർഷിക ബില്ലുകൾ നിയമമായതിനുശേഷം കർഷക പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചെങ്കിലും, ഒരു ബിൽ പരിഗണനയിൽ പരാജയപ്പെടുന്നത് മോദി ഭരണകാലത്ത് ആദ്യമായാണ്. മുത്തലാഖ് നിയമം, വഖഫ് നിയമഭേദഗതി, പൗരത്വ നിയമ ഭേദഗതി തുടങ്ങിയ വിവാദ ബില്ലുകൾ പാസാക്കിയ സർക്കാരാണിത്.
പ്രതിപക്ഷ നിരയിലെ വിള്ളൽ മുതലെടുത്തും ചില പ്രാദേശിക പാർട്ടികളുടെ സഹായത്തോടെയുമാണ് സർക്കാർ വിജയം ഉറപ്പിച്ചിരുന്നത്. എന്നാൽ, ഈ തവണ കണക്കുകൂട്ടൽ തെറ്റി. പ്രതിപക്ഷം ഒറ്റക്കെട്ടായി. രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ഭൂമിക മാറുമെന്ന തിരിച്ചറിവോടെ പ്രാദേശിക കക്ഷികൾ ഒന്നടങ്കം എതിരായി.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ ഭേദഗതി ബില്ലുകൾ അവതരിപ്പിച്ച ആഭ്യന്തര മന്ത്രി അമിത് ഷാക്കും മോദിക്കും ഈ പരാജയം തിരിച്ചടിയായി. പ്രതിപക്ഷത്തിന്റെ കൂട്ടായ്മയാണ് വിജയം. കോൺഗ്രസിന്റെ മുൻകൈയിലാണ് പ്രതിപക്ഷത്തെ ഒരുമിപ്പിച്ചത്. രാഹുൽ ഗാന്ധി ചുക്കാൻ പിടിച്ചു. എന്നാൽ ഈ തോൽവി മാത്രം മോദിയും ഷായും തുടർനീക്കങ്ങൾക്ക് വിരാമമിടുമെന്ന് കരുതരുത്.
Photo and News Source: Mathrubhumi



