ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ പത്തുദിവസത്തെ കളിയാട്ടം ചൊവ്വാഴ്ച ആരംഭിക്കും. 15-ന് സമാപിക്കും. പ്രധാന തെയ്യങ്ങൾ വിഷ്ണുമൂർത്തിയും രക്തചാമുണ്ഡിയുമാണ്. ആദ്യദിവസം രാത്രി 8-ന് വിഷ്ണുമൂർത്തിയുടെ തോറ്റവും 10-ന് രക്തചാമുണ്ഡേശ്വരിയുടെ തോറ്റവും അരങ്ങേറും. ആറാം ദിവസം രാവിലെ 11-ന് രക്തചാമുണ്ഡേശ്വരി തെയ്യവും ഉച്ചയ്ക്ക് 12-ന് വിഷ്ണുമൂർത്തി തെയ്യവും നടക്കും. സമാപനദിവസം രാവിലെ 11-ന് രക്തചാമുണ്ഡേശ്വരി തെയ്യവും ഉച്ചയ്ക്ക് 1-ന് വിഷ്ണുമൂർത്തി തെയ്യവും അരങ്ങിലെത്തും. ദിവസേന രാത്രിയിൽ തെയ്യങ്ങൾ നടക്കും. നേർച്ച, തുലാഭാരം, പ്രാർഥനകൾ എന്നിവയും ഉണ്ടാകും.

കളിയാട്ടത്തിന് മുന്നോടിയായി ഘോഷയാത്ര നടത്തി. ധർമ്മശാസ്താക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് പാറമ്മൽ ദേവസ്ഥാനം, കരിയാപ്പിൽ ഭഗവതിക്ഷേത്രം, ചക്കാല ദേവസ്ഥാനം, മുത്തപ്പൻമടപ്പുര വഴി ചീമേനി ടൗണിലൂടെ കലവറയിലേക്കെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഞ്ചുലക്ഷത്തോളം ഭക്തർ മഞ്ഞൾ പ്രസാദത്തിനായി എത്തുന്നു. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ നടപ്പാലവും റോഡും പണിതിട്ടുണ്ട്. ശൗചാലയസമുച്ചയവും മാലിന്യസംസ്കരണകേന്ദ്രവും നവീകരിച്ചു.

ഉത്സവ നാളുകളിൽ പകലും രാത്രിയിലും രണ്ടുനേരം അന്നപ്രസാദം വിതരണം ചെയ്യും. ആരോഗ്യവകുപ്പിന്റെ നിർദ്ദേശമനുസരിച്ച് ഭക്ഷണം തയ്യാറാക്കും.

Photo and News Source: Mathrubhumi