ടെഹ്‌റാനിൽ: നോബൽ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്ന് കുടുംബം അറിയിച്ചു. ജയിലിൽ വച്ചുണ്ടായ മർദ്ദനത്തെ തുടർന്ന് അമ്പതുകാരിയായ നർഗീസിന്റെ ആരോഗ്യം മോശമായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കുഴഞ്ഞുവീണ അവരെ സഞ്ജാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ടെഹ്‌റാനിലേക്ക് മാറ്റുന്നതിനെ ഇറാൻ ഇന്റലിജൻസ് മന്ത്രാലയം തടഞ്ഞു. ആഞ്ചിയോഗ്രഫി ഉൾപ്പെടെയുള്ള ചികിത്സകൾ ആവശ്യമാണെന്ന് മെഡിക്കൽ സംഘം നിരീക്ഷിച്ചിരുന്നു.

നർഗീസിന്റെ ജീവൻ ഇറാൻ അധികൃതരുടെ കൈകളിലാണെന്നും ഉടൻ ചികിത്സ ലഭ്യമാക്കണമെന്ന് നോർവീജിയൻ നോബൽ കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യ സുരക്ഷയ്ക്കെതിരായ ഗൂഢാലോചന, സർക്കാരിനെതിരായ പ്രചാരണം തുടങ്ങിയ കുറ്റങ്ങളിലാണ് 13 വർഷം 9 മാസം തടവ് അനുഭവിച്ചത്. 2024 അവസാനം പരോളിൽ ആയിരുന്ന അവർ ഡിസംബർ 12-ന് വീണ്ടും അറസ്റ്റിലായി.

Photo and News Source: Janmabhumi