നോബൽ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ നർഗീസ് മുഹമ്മദി ഇറാൻ ജയിലിൽ കിടക്കുന്നതിനിടെ ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് കുഴഞ്ഞുവീണു. സഞ്ജാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, അടിയന്തര വിദഗ്ധ ചികിത്സയ്ക്കായി ഇറാനിലേക്ക് മാറ്റുന്നതിനെ ഇറാൻ ഇന്റലിജൻസ് മന്ത്രാലയം തടഞ്ഞു.
ജയിലിൽ വെച്ചുണ്ടായ മർദനത്തെ തുടർന്ന് നർഗീസിന്റെ ആരോഗ്യം മോശമായിരുന്നു. നിലവിൽ ആഞ്ചിയോഗ്രഫി ഉൾപ്പെടെയുള്ള അടിയന്തര ചികിത്സകൾ ആവശ്യമാണെന്ന് മെഡിക്കൽ സംഘം നിർദ്ദേശിച്ചു. നർഗീസിന്റെ ജീവൻ ഇറാൻ അധികൃതരുടെ കൈകളിലാണെന്നും ഉടൻ ചികിത്സ ലഭ്യമാക്കണമെന്ന് നോർവീജിയൻ നോബൽ കമ്മിറ്റി ആവശ്യപ്പെട്ടു.
നർഗീസിന്റെ ഭർത്താവ് സ്കൈ ന്യൂസിനോട് പ്രതികരിച്ചത്, തന്റെ ഭാര്യയ്ക്ക് ജയിൽവാസത്തെ നേരിടാനുള്ള മാനസിക കരുത്തുണ്ടെങ്കിലും ശരീരം അതിന് സജ്ജമല്ലെന്നാണ്. ജയിലിൽ നർഗീസ് മരണപ്പെട്ടാൽ പോലും രഹസ്യാന്വേഷണ മന്ത്രാലയത്തിന് അത് പ്രശ്നമല്ലെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. 2015-ന് ശേഷം അവരുടെ മക്കൾ നർഗീസിനെ കണ്ടിട്ടില്ല.
രാജ്യസുരക്ഷയ്‌ക്കെതിരായ ഗൂഢാലോചന, സർക്കാരിനെതിരായ പ്രചാരണം തുടങ്ങിയ കുറ്റങ്ങൾക്കായി 13 വർഷവും ഒമ്പത് മാസവും നർഗീസ് തടവിൽ കഴിഞ്ഞു. 2024 അവസാനം മുതൽ പരോൾ അനുവദിച്ചിരുന്ന അവർക്ക് ഇപ്പോൾ അടിയന്തര ചികിത്സ ആവശ്യമാണ്. നർഗീസ് മുഹമ്മദി ഫൗണ്ടേഷൻ നിയമസംഘം പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസുമായി ബന്ധപ്പെട്ട് വരികയാണെന്ന് അറിയിച്ചു.
Photo and News Source: Malayalam Express









