ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, ടിവികെ ‘റിസോർട്ട് രാഷ്ട്രീയം’ എന്ന തന്ത്രം പ്രയോഗിക്കുന്നതായി റിപ്പോർട്ടുകൾ. എക്‌സിറ്റ് പോളുകൾ വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചന നൽകിയതിനെ തുടർന്നാണ് ഈ മുൻകരുതൽ.

വിജയസാധ്യതയുള്ള സ്ഥാനാർഥികളെ മറ്റു പാർട്ടികളുടെ സ്വാധീനത്തിൽ നിന്നും രക്ഷിക്കാൻ മഹാബലിപുരത്തിനടുത്തുള്ള പൂഞ്ചേരിയിലെ ഒരു റിസോർട്ടിലേക്ക് മാറ്റാനാണ് ടിവികെ തീരുമാനിച്ചത്. കുറഞ്ഞത് 100 സ്ഥാനാർഥികളെ ഉൾക്കൊള്ളാനുള്ള സൗകര്യമുള്ള റിസോർട്ടിനെ സംബന്ധിച്ച് വിജയ് ഭാരവാഹികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

തൂക്കുമന്ത്രിസഭാ സാധ്യത കണക്കിലെടുത്ത് കുതിരക്കച്ചവടം തടയാനും പാർട്ടി ഐക്യം ഉറപ്പാക്കാനുമാണ് ഈ നടപടി. സ്ഥാനാർഥികൾ വിജയിച്ചാലുടൻ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് എത്തണമെന്ന് വിജയ് ആവശ്യപ്പെട്ടു. ‘സീറ്റ് ജയിച്ചുകഴിഞ്ഞാൽ എങ്ങോട്ടും പോകരുത്’ എന്ന് അദ്ദേഹം സ്ഥാനാർഥികളോട് പറഞ്ഞതായി റിപ്പോർട്ടുകൾ.

എല്ലാ സാഹചര്യങ്ങൾക്കും സജ്ജരായിരിക്കാൻ നിയമവിഭാഗത്തോട് വിജയ് ആവശ്യപ്പെട്ടു. വോട്ടെണ്ണൽ ദിവസം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷ ശക്തമാക്കണമെന്ന് ജനറൽ സെക്രട്ടറി ആധവ് അർജുനയോട് നിർദ്ദേശിച്ചു.

Photo and News Source: Newsthen