ദുബായ് ആസ്ഥാനമായുള്ള സീ സ്റ്റാർ ഷിപ്പിങ് കമ്പനിയിലെ ഇറാൻ ചരക്ക് കപ്പലിലാണ് ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജെറിൻ ജോർജ് ജോലി ചെയ്തിരുന്നത്. ഗൾഫ് മേഖലയിലെ യുദ്ധം കാരണം കപ്പലിന് യാത്ര തുടരാൻ കഴിഞ്ഞില്ല. ഒന്നര മാസത്തോളം കപ്പലിൽ അകപ്പെട്ട ജെറിനെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ കുടുംബം കെ.സി. വേണുഗോപാൽ എംപിയെ സമീപിച്ചു.
എംപി വിദേശകാര്യ മന്ത്രാലയത്തിലും ഇറാൻ എംബസിയുമായി തുടർച്ചയായി ആശയവിനിമയം നടത്തി. ഇറാൻ തീരത്ത് എത്തിയശേഷം കപ്പലിന്റെ ക്യാപ്റ്റന്റെ അനുമതി ലഭിച്ചാൽ മാത്രമേ ജെറിന് നാട്ടിലേക്ക് മടങ്ങാൻ കഴിയൂ എന്ന് ഇറാൻ അംബാസഡർ അറിയിച്ചു. തുടർന്ന് യുഎഇയിലെ ഇന്ത്യൻ എംബസിയുമായി ഇടപെട്ട് കപ്പലിനെ ഇറാൻ തീരത്തേക്ക് മാറ്റി. കമ്പനിയിൽ നിന്ന് അനുമതി ലഭിച്ചതോടെ ജെറിനെ കപ്പലിൽ നിന്ന് ഇറക്കി.
ഇറാനും അർമേനിയയുമായുള്ള അതിർത്തിയോട് ചേർന്ന ഹോട്ടലിൽ ജെറിന് താമസസൗകര്യം ഒരുക്കി. വിമാന സൗകര്യമില്ലാത്തതിനാൽ അർമേനിയ വഴിയേ നാട്ടിലേക്ക് മടങ്ങാൻ കഴിയുമെന്ന് മനസിലാക്കിയ എംപി, അർമേനിയ വിസയ്ക്കുള്ള നടപടികൾ പൂർത്തിയാക്കി. എംപിയുടെ ചെലവിൽ ടിക്കറ്റ് നൽകി ജെറിനെ ഇന്ന് (മേയ് 3) കൊച്ചി വിമാനത്താവളത്തിലൂടെ നാട്ടിലേക്ക് തിരികെ എത്തിച്ചു.
Photo and News Source: Kerala Online News







