കോഴിക്കോട് ആസ്ഥാനമായ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ (BMH) ഹൈദരാബാദിലെ പ്രശസ്ത ആശുപത്രി ഗ്രൂപ്പായ സ്റ്റാർ ഹോസ്പിറ്റൽസിനെ ഏറ്റെടുക്കുന്നു. ആഗോള നിക്ഷേപ സ്ഥാപനമായ കെകെആറിന്റെ പിന്തുണയോടെയാണ് ഈ വമ്പൻ ഇടപാട് നടക്കുന്നത്. 1,800 കോടി രൂപയ്ക്കാണ് ബേബി മെമ്മോറിയൽ 60 ശതമാനം ഓഹരികൾ സ്വന്തമാക്കുന്നത്. സ്റ്റാർ ഹോസ്പിറ്റൽസിന്റെ ആകെ മൂല്യം 3,000 കോടി രൂപയായി. പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ഗോപിചന്ദ് മന്നാണ് സ്റ്റാർ ഹോസ്പിറ്റൽസ് സ്ഥാപിച്ചത്.

ഹൈദരാബാദിലെ രണ്ട് അത്യാധുനിക ചികിത്സാ കേന്ദ്രങ്ങളുണ്ട് ഗ്രൂപ്പിന്. ഈ ഏറ്റെടുക്കൽ പൂർത്തിയാക്കുന്നതിനായി ബേബി മെമ്മോറിയലിന് കെകെആർ നിക്ഷേപം നൽകും. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അനുമതി കഴിഞ്ഞ മാസം ലഭിച്ചു. ഒരു വർഷത്തിനിടെ ബേബി മെമ്മോറിയൽ നടത്തുന്ന രണ്ടാമത്തെ വലിയ ഏറ്റെടുക്കലാണ് ഇത്. മേയ്ത്ര ഹോസ്പിറ്റലിനെ 1,200 കോടി രൂപയ്ക്ക് ഇവർ മുമ്പ് ഏറ്റെടുത്തിരുന്നു. 2024 ജൂലൈയിൽ കെകെആർ ബേബി മെമ്മോറിയലിൽ ഭൂരിഭാഗം ഓഹരികളും 2,500 കോടി രൂപയ്ക്ക് സ്വന്തമാക്കി.

തെക്കേ ഇന്ത്യയിലെ ആരോഗ്യരംഗത്ത് വൻ വിപുലീകരണമാണ് ബേബി മെമ്മോറിയൽ ലക്ഷ്യമിടുന്നത്. ഫോർട്ടിസ്, അപ്പോളോ, മണിപ്പാൽ തുടങ്ങിയ വമ്പൻ ഗ്രൂപ്പുകളെ മറികടന്നാണ് ഈ നേട്ടം കൈവരിക്കുന്നത്.

Photo and News Source: Dhanam