കോഴിക്കോട്: കോഴിക്കോട് സ്‌ട്രോങ് റൂമില്‍ അട്ടിമറി ശ്രമമുണ്ടെന്ന യുഡിഎഫ് ആരോപണത്തെ തള്ളിക്കളഞ്ഞു തെരഞ്ഞെടുപ്പ് കമ്മീഷൻ.

പേരാമ്പ്രയിലും കൊയിലാണ്ടിയിലും വരണാധികാരികളുടെ ഭാഗത്തുനിന്ന് ചട്ടലംഘനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി. സംഭവത്തിൽ ആരോപണ വിധേയരായ രണ്ട് വരണാധികാരികളുടെയും ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും കമ്മീഷൻ അറിയിച്ചു. യുഡിഎഫ് ആരോപിച്ചതുപോലെ പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയൽ റൂം തിടുക്കത്തില്‍ തുറന്നതായി തെളിവുകളില്ല.

വെള്ളിമാടുകുന്ന് ജെഡിടി കണ്‍വെന്‍ഷന്‍ സെന്ററിലെ മെറ്റീരിയൽ റൂം തുറന്നത് കൃത്യമായ അറിയിപ്പോ അനുമതിയോ ഇല്ലാതെയായിരുന്നുവെന്ന യുഡിഎഫ് വാദത്തിന് തെളിവുകളില്ല. റൂം തുറന്നത് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലീയയുടെ ഭർത്താവ് അഡ്വ. ഷഹസാദിന്റെ സാന്നിധ്യത്തിലായിരുന്നു.

എന്‍കോർ സോഫ്റ്റ്‌വെയർ വെരിഫിക്കേഷനായി പേരാമ്പ്ര നിയോജക മണ്ഡലത്തിലെ സീല്‍ ചെയ്യാത്ത മുറി രാവിലെ 11.15ന് തുറന്നു. ഉച്ചയ്ക്ക് 1.45ന് അടച്ചുവെന്നാണ് റിട്ടേണിംഗ് ഓഫീസർ രേഖപ്പെടുത്തിയത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ഈ നടപടി.

Photo and News Source: Samakalika Malayalam