കോഴിക്കോട് ജില്ലയിൽ വോട്ടെണ്ണല്‍ ദിനത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നു. ജില്ലാ കലക്ടർ സ്നേഹില്‍ കുമാര്‍ സിങ്, ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായാണ് ഇത് നടപ്പിലാക്കിയതെന്ന് വ്യക്തമാക്കി. വിജയാഘോഷങ്ങള്‍ക്ക് തടസ്സമില്ലെങ്കിലും അതിരുവിട്ടാല്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

പടക്കം വില്‍പ്പനയ്ക്കും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നു. മുന്‍കരുതല്‍ നടപടികളായി പൊലീസ് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം. രാത്രി 7 മണിക്ക് മുമ്പായി പ്രകടനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഡിജെ പാര്‍ട്ടികള്‍ ഒഴിവാക്കണമെന്നുമാണ് നിര്‍ദ്ദേശം.

പ്രകടന സ്ഥലം, സമയം എന്നിവ പൊലീസിനെ നേരത്തെ അറിയിക്കുകയും സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കരുതെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. അതത് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടിയേ പ്രകടനങ്ങള്‍ നടത്താവൂ.

Photo and News Source: Samakalika Malayalam