അമേരിക്കയും ജർമ്മനിയും തമ്മിലുള്ള ദീർഘകാല പ്രതിരോധ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരിക്കുന്നു. ജർമ്മനിയിൽ നിന്നുള്ള 5,000 സൈനികരെ പിൻവലിക്കാൻ പെന്റഗൺ തീരുമാനിച്ചതോടെ ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾ ഉയർന്നിരിക്കുന്നു. വെറുമൊരു സൈനിക പുനർക്രമീകരണമല്ല, ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട വാഷിംഗ്ടണും ബെർലിനും തമ്മിലുള്ള തർക്കത്തിന്റെ പ്രതിഫലനമാണെന്ന് വിദഗ്ദ്ധർ വ്യാഖ്യാനിക്കുന്നു.

ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസിന്റെ ഇറാൻ നയത്തെ വിമർശിച്ചതിന് ശേഷമാണ് പ്രസിഡന്റ് ട്രംപിന്റെ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വരും മാസങ്ങളിൽ നടപ്പിലാക്കാനിരിക്കുന്ന ഈ പിന്മാറ്റം നാറ്റോയുടെ കെട്ടുറപ്പിലും ആഗോള സുരക്ഷയിലും വലിയ മാറ്റങ്ങൾ വരുത്തുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

ജർമ്മൻ ചാൻസലറുമായുള്ള വ്യക്തിപരമായ ഭിന്നതയാണ് ഈ തീരുമാനത്തിനു പിന്നിലെ പ്രധാന ഘടകം. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് വ്യക്തമായ എക്സിറ്റ് സ്ട്രാറ്റജി ഇല്ലെന്നും ചർച്ചകളിൽ ഇറാൻ അമേരിക്കയെ അപമാനിക്കുകയാണെന്നും മെർസ് പ്രസ്താവിച്ചിരുന്നു. ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ യൂറോപ്യൻ രാജ്യങ്ങൾ സഹായിക്കുന്നില്ലെന്ന ട്രംപിന്റെ പരാതിക്കും ഈ നീക്കത്തിനു പിന്നിലുണ്ട്. തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാത്ത രാജ്യങ്ങളിൽ സൈനിക സാന്നിധ്യം തുടരുന്നതിൽ അർത്ഥമില്ലെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്.

Photo and News Source: Kvartha