തിരുവനന്തപുരം: ശബരിമലയിൽ നിന്ന് കവർന്ന സ്വർണ്ണം അയൽ സംസ്ഥാനങ്ങളിലെ ക്ഷേത്ര നവീകരണത്തിനായി ഉപയോഗിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ വെളിപ്പെടുത്തലാണ് കേസിൽ വഴിത്തിരിവായത്. തമിഴ്‌നാട്, കർണാടകയിലെ വിവിധ ക്ഷേത്രങ്ങളിലെ കൊടിമരങ്ങൾ സ്വർണ്ണം പൂശുന്നതിനും മറ്റ് നവീകരണ പ്രവർത്തനങ്ങൾക്കും ഈ സ്വർണ്ണം ഉപയോഗിച്ചതായി മൊഴി.
സ്മാർട്ട് ക്രിയേഷൻസ് കരാറെടുത്ത ക്ഷേത്രങ്ങളിലാണ് എസ്ഐടി പരിശോധന നടത്തുന്നത്. സ്വർണ്ണം ഉരുക്കി വേർതിരിച്ചെടുക്കുന്നതിൽ പ്രതികൾ അശാസ്ത്രീയ രീതികൾ പിന്തുടർന്നതായി അന്വേഷണത്തിൽ വ്യക്തമായി. രാസലായനികളിലൂടെ സ്വർണ്ണത്തിന്റെ അളവ് കൃത്യമായി മനസ്സിലാക്കാനുള്ള ശാസ്ത്രീയ പരിശോധനയാണ് നടക്കുന്നത്.
ലായനിയിലെ ഘടകങ്ങളെ വിശകലനം ചെയ്ത് സ്വർണ്ണത്തിന്റെ അളവിനെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്ന് എസ്ഐടി കരുതുന്നു. പുതിയ വിവരങ്ങളും ശാസ്ത്രീയ ഫലങ്ങളും ഉൾപ്പെടുത്തി ഉടൻ തന്നെ കോടതിയില് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എസ്ഐടി തീരുമാനിച്ചു. ശബരിമലയിലെ സ്വർണ്ണം കടത്തിയ വാർത്ത ഭക്തർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രതികളുടെ അന്തർ സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും കൂടുതൽ സ്വർണ്ണം കടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം തുടരുന്നു.
Photo and News Source: Janam TV









