കൊടുംചൂടിൽ ശരീരം തണുപ്പിക്കാൻ പലരും സർബത്ത്, നാരങ്ങാവെള്ളം, ജ്യൂസുകൾ എന്നിവ ഉപയോഗിക്കുന്നു. എന്നാൽ, പണച്ചെലവില്ലാതെ ശരീരം തണുപ്പിക്കാൻ കഴിയുന്ന വിഭവം വീട്ടിൽ തന്നെയുണ്ട്. ധാരാളം പോഷകഗുണങ്ങളുള്ള പഴങ്കഞ്ഞി കഴിക്കുന്നത് ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നു.

രാത്രി മിച്ചം വരുന്ന ചോറ് വെള്ളമൊഴിച്ച് പുളിപ്പിച്ചാണ് പഴങ്കഞ്ഞിയാക്കുന്നത്. പഴങ്കഞ്ഞിക്ക് ശരീരഭാരം കുറയ്ക്കുക, ഊർജം പകരുക, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക, എല്ലുകൾ ബലപ്പെടുത്തുക, മലബന്ധം മാറ്റുക എന്നീ ഗുണങ്ങളുണ്ട്. ചോറ് പുളിക്കുമ്പോൾ ഉണ്ടാകുന്ന നല്ല ബാക്ടീരിയകളും ലാക്ടിക് ആസിഡുമാണ് ദഹനത്തെ മെച്ചപ്പെടുത്തുന്നത്.

വെള്ളത്തിൽ കുതിർക്കുമ്പോൾ അരിയിലെ ഇരുമ്പ്, പൊട്ടാസ്യം, കാൽസ്യം, മഗ്‌നീഷ്യം, സെലീനിയം, വിറ്റാമിൻ ബി 6, ബി 12 എന്നിവയുടെ അളവ് വർദ്ധിക്കുന്നു. പ്രമേഹമുള്ളവർക്കും ഹൃദയസംബന്ധമായ അസുഖമുള്ളവർക്കും നിയന്ത്രിത അളവിൽ പഴങ്കഞ്ഞി കഴിക്കുന്നത് ദോഷമല്ല. കൊളാജൻ ഉത്പാദനം വർദ്ധിപ്പിച്ച് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പഴങ്കഞ്ഞിക്ക് സാധിക്കും.

Photo and News Source: Kairali News