ഗൂഡല്ലൂർ (തമിഴ്‌നാട്): നീലഗിരി ജില്ലയിൽ വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ അന്തർസംസ്ഥാന മോഷ്ടാക്കളെ ദേവർഷോല പോലീസ് പിടികൂടി. കണ്ണൂർ ആലക്കോട് സ്വദേശി മുഹമ്മദ് (46), വയനാട് കമ്പളക്കാട് സ്വദേശി ജോസ് (72) എന്നിവരാണ് പ്രതികൾ.
നീലഗിരി ജില്ലാ പോലീസ് സൂപ്രണ്ട് എ.എൻ. നിഷയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ചേരമ്പാടി, ദേവർഷോല പോലീസ് സ്റ്റേഷൻ പരിധികളിലെ കോരഞ്ചാൽ, പൊൻവയൽ ഭാഗങ്ങളിലായിരുന്നു മോഷണങ്ങൾ.
മാർച്ച് മാസത്തിൽ ഒമ്പതു വീടുകളിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ചു. കോരഞ്ചാലിലെ പ്രദീപിന്റെ വീട്ടിൽനിന്ന് നാലുപവൻ ആഭരണങ്ങളും 25,000 രൂപയും, അൻസാറിന്റെ വീട്ടിൽനിന്ന് മൂന്നു പവനും 10,000 രൂപയും നഷ്ടപ്പെട്ടു. സമീപത്തെ മാർക്കണ്ഡേയൻ, ഷാകിൽതോമസ്, ഫൈസൽ എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നു.
മാർച്ച് 26-ന് ദേവർഷോല പൊൻവയലിൽ വീട് കുത്തിത്തുറന്ന് ഖാലിദിന്റെ ഭാര്യ ഷൗബീനയുടെ മൂന്നു പവൻ സ്വർണാഭരണവും പണവും മോഷ്ടിച്ചു. ആലവയലിൽ സലീം തങ്ങളുടെ വീടും കുത്തിത്തുറന്ന് മോഷണം നടന്നു. ദേവൻ ഡിവിഷൻ രണ്ടിലും അതേദിവസം മോഷണം നടന്നു. തുടർച്ചയായ മോഷണത്തെ തുടർന്ന് ഗൂഡല്ലൂർ ഡിവൈഎസ്പി കെ. വസന്തകുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ചേരമ്പാടി സിഐ. ചന്ദ്രശീലന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ദ്ധരും ഉൾപ്പെട്ട സംഘം ശാസ്ത്രീയമായ അന്വേഷണം നടത്തി.
Photo and News Source: Mathrubhumi










