ഇരിങ്ങാലക്കുടയിലെ കൂടല്മാണിക്യം ക്ഷേത്രോത്സവത്തിന്റെ ആദ്യശീവേലിയില്‍ പഞ്ചാരിമേളം അതിന്റെ നാദവിസ്മയത്തോടെ ജനങ്ങളെ ആവേശത്തിലാഴ്ത്തി. പ്രഗല്ഭ മേളകലാകാരനായ കലാമണ്ഡലം ഉദയന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു ആദ്യശീവേലിമേളം. പാറമേക്കാവ് കാശിനാഥൻ തിടമ്പേറ്റി നാലു പ്രദക്ഷിണം പൂര്‍ത്തിയാക്കി.
കിഴക്കേഗോപുരത്തില്‍ ശീവേലിക്കായി എത്തിയപ്പോള്‍ പഞ്ചാരിയുടെ ഒന്നാംകാലത്തിന്റെ ആദ്യകോല്‍ ചെണ്ടപ്പുറത്ത് വീണു. അകമ്പടിയായി കൊമ്പും കുഴലും ചേങ്ങിലയും താളമിട്ടു. 120-ലേറെ കലാകാരന്മാരുടെ സംഗീതാത്മകമായ പഞ്ചാരിമേളം ജനങ്ങളെ ആകർഷിച്ചു. രാവിലത്തെ നാലു പ്രദക്ഷിണത്തിനുശേഷം പഞ്ചാരിമേളത്തിന്റെ പതികാലത്തോടെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന നാദപ്രപഞ്ചത്തിന് തുടക്കമിട്ടു.
രാവിലെ മുതല്‍ തന്നെ ജനങ്ങള്‍ സംഗമസന്നിധിയിലേക്ക് ഒഴുകിയെത്തി. പഞ്ചാരിയുടെ പതികാലവും തെക്കേനടയില്‍ രണ്ടാംകാലവും കൊട്ടിയശേഷം പടിഞ്ഞാറേ നടപ്പുരയില്‍ മൂന്നും നാലും അഞ്ചും കാലം കൊട്ടിക്കലാശിച്ചു. തുടര്‍ന്ന് രൂപകം കൊട്ടി വടക്കേനടയില്‍ ചെമ്പടമേളത്തിലേക്കു കടന്നു. രാത്രി വിളക്കെഴുന്നള്ളിപ്പിന് പെരുവനം പ്രകാശന്‍മാരാര്‍ പ്രമാണം വഹിച്ചു. കുട്ടന്‍കുളങ്ങര അര്‍ജുനന്‍ തിടമ്പേറ്റി.
Photo and News Source: Samakalika Malayalam










