ഡൽഹി: വാക്സിനേഷൻ, പരിശോധന എന്നിവയിലൂടെ തടയാൻ സാധിക്കുന്ന ഗർഭാശയമുഖ കാൻസർ 2048-ഓടെ സമ്പന്ന രാജ്യങ്ങളിൽ നിന്ന് പൂർണമായും ഇല്ലാതാകുമെന്ന് പഠനം. എന്നാൽ ഇന്ത്യയുൾപ്പെടെയുള്ള ദരിദ്ര, ഇടത്തരം രാജ്യങ്ങളിൽ അടുത്ത നൂറ്റാണ്ടിനുള്ളിലും രോഗബാധയിൽ കാര്യമായ കുറവ് ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

ലോകാരോഗ്യ സംഘടനയുടെ '90-70-90' പദ്ധതി പ്രകാരം 90% പെൺകുട്ടികൾക്ക് 15 വയസ്സിനുള്ളിൽ എച്ച്പിവി വാക്സിൻ ലഭ്യമാക്കുക, 70% സ്ത്രീകൾക്ക് 35, 45 വയസ്സുകളിൽ സ്ക്രീനിംഗ് പരിശോധന നടത്തുക, 90% രോഗബാധിതർക്കും ചികിത്സ ഉറപ്പാക്കുക എന്നിവ ലക്ഷ്യമിടുന്നു. സമ്പന്ന രാജ്യങ്ങൾ വേഗത്തിൽ രോഗമുക്തിയിലേക്ക് നീങ്ങുമ്പോൾ ദരിദ്ര രാജ്യങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്.

ഗർഭാശയമുഖ കാൻസറിന്റെ 99% കേസുകൾ ഹ്യൂമൻ പാപ്പിലോമ വൈറസ് ബാധ മൂലമാണ്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഈ വൈറസിനെ പ്രതിരോധിക്കാൻ വാക്സിനുകൾ ലഭ്യമാണെങ്കിലും പല രാജ്യങ്ങളിലും ഇതിന്റെ ലഭ്യത കുറവാണ്. ഒറ്റ ഡോസ് വാക്സിനുകളുടെയും കുറഞ്ഞ ചിലവിലുള്ള പരിശോധനകളുടെയും ലഭ്യത ദരിദ്ര രാജ്യങ്ങളിൽ പ്രതീക്ഷ നൽകുന്നുണ്ട്.

എച്ച്പിവി വാക്സിൻ പദ്ധതിയിൽ ആൺകുട്ടികളെയും ഉൾപ്പെടുത്തുന്നത് രോഗവ്യാപനം കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇന്ത്യയിൽ 90% പെൺകുട്ടികൾക്ക് വാക്സിൻ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

Photo and News Source: Sathyam Online