ന്യൂയോർക്ക്: ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ യുഎസ് സന്ദർശനത്തിനിടെ, ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി, കോഹിനൂർ രത്നം ഇന്ത്യയ്ക്ക് തിരികെ നൽകണമെന്ന് ആവശ്യപ്പെടുമെന്ന് പ്രഖ്യാപിച്ചു. 9/11 അനുസ്മരണ ചടങ്ങിനിടെ നടന്ന പത്രസമ്മേളനത്തിലായിരുന്നു മംദാനിയുടെ പ്രതികരണം. ചാൾസ് രാജാവും കമില രാജ്ഞിയും നാല് ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തി. 9/11 സ്മാരകത്തിൽ നടന്ന അനുസ്മരണത്തിലും പങ്കെടുക്കുകയും മംദാനിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്നാൽ, മംദാനിയുടെ പരാമർശത്തിന് ബക്കിങ്ഹാം പാലസ് പ്രതികരിച്ചിട്ടില്ല.

നിലവിൽ ലണ്ടൻ ടവറിലാണ് കോഹിനൂർ രത്നം സൂക്ഷിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് കൊണ്ടുപോയ രത്നം തിരികെ നൽകണമെന്ന ഇന്ത്യയുടെ ആവശ്യം പഴയതാണ്. ഇന്ത്യക്ക് പുറമെ പാകിസ്ഥാനും ഇറാനും കോഹിനൂറിനുമേൽ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. 105 കാരറ്റുള്ള രത്നത്തിന്റെ 1950-ലെ വില 16 ലക്ഷമായിരുന്നു. ഇന്ന് അതിന്റെ മൂല്യം അനേകം കോടികളാണ്.

Photo and News Source: Samakalika Malayalam