ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി നഴ്സിങ് വിദ്യാർത്ഥി ആദിത്യന്റെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചു. ഹോസ്റ്റലിൽ ഒപ്പം താമസിച്ചിരുന്ന വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം ചൂണ്ടിക്കാട്ടി മകനെ ഒറ്റപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
വിദ്യാർത്ഥികളുടെ ലഹരി പ്രശ്നം മൂലം ആദിത്യൻ മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായി കുടുംബം പരാതിയിൽ പറയുന്നു. ആദിത്യനൊപ്പം താമസിച്ചിരുന്ന രണ്ട് വിദ്യാർത്ഥികൾ ലഹരി ഉപയോഗിച്ചിരുന്നു. ഹോസ്റ്റലിലെ വാർഡനായ അധ്യാപകൻ ഇത് കണ്ടെത്തി. ലഹരി സപ്ലൈ ചെയ്യുന്നവരെ കണ്ടെത്തി അറിയിക്കണമെന്ന് ആദിത്യനോട് വാർഡൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ആദിത്യനും പങ്കാളിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്.
തിരുവനന്തപുരം അരുവിക്കര സ്വദേശിയായ 19 വയസ്സുകാരനായ ആദിത്യനെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. 'കോളേജിൽ നിന്ന് വിളിച്ചു. അവന്റെ അമ്മയെയാണ് വിളിച്ചത്. സീരിയസ് ആണ് വേഗം വരണം എന്ന് പറഞ്ഞു. അങ്ങനെ ഞാൻ ഇവിടെ വന്നത്. മരിച്ചുവെന്ന് ഇവിടെ വന്നതിന് ശേഷമാണ് അറിയുന്നത്. അവന് ജീവനൊടുക്കാനൊരു സാധ്യതയുമില്ല' എന്ന് ആദിത്യന്റെ പിതാവ് പറഞ്ഞു. ബെംഗളൂരു ബിടിഎൽ സ്കൂൾ ഓഫ് നഴ്സിംഗിലെ രണ്ടാം വർഷ ബിഎസ്സി നഴ്സിങ് വിദ്യാർത്ഥിയായിരുന്നു ആദിത്യൻ.
Photo and News Source: Kerala Online News









