കേരളത്തിൽ ഒറ്റയ്ക്കു ഭരിക്കാൻ ബിജെപിക്ക് 50 വർഷമെടുക്കുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിഗമനം. മുന്നണി രാഷ്ട്രീയമാണു ഒരേയൊരു മാർഗ്ഗം. ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് തൃശ്ശൂരിൽ നടന്ന ഉത്തരമേഖലാ തിരഞ്ഞെടുപ്പ് വിശകലന യോഗത്തിൽ പറഞ്ഞു. നിലവിലെ ഘടകകക്ഷികളെ ചേർത്തുനിർത്തിയാലേ മുന്നോട്ടു പോകാൻ കഴിയൂ. നേമം, കഴക്കൂട്ടം, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങൾ പോലും ഘടകകക്ഷികൾക്ക് നൽകേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാഷ്ട്രീയ നേതാക്കൾ പദവി മോഹിക്കണമെന്നും അത് തുറന്നുപറയാൻ ആർജവം കാണിക്കണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. പദവി മോഹിക്കാത്ത നേതാക്കൾ കേരള ബിജെപിയുടെ പോരായ്മയാണെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. മണ്ഡലം ഇൻ ചാർജുമാർ മുതൽ സംസ്ഥാന ഭാരവാഹികൾ വരെ പങ്കെടുത്ത യോഗത്തിലായിരുന്നു ചർച്ചകൾ. സീറ്റ് ലഭിക്കാതെ പോയ നേതാക്കൾ എഴുന്നേൽക്കണമെന്ന് ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ ആവശ്യപ്പെട്ടു. ആദ്യം ടി.പി. ജയചന്ദ്രൻ ഉയർന്നു. പിന്നാലെ പതിനഞ്ചോളം നേതാക്കൾ എഴുന്നേറ്റു.
രാഷ്ട്രീയ പ്രവർത്തകർക്ക് പദവി മോഹം ഉണ്ടായിരിക്കണമെന്നും കേരള നേതാക്കൾക്ക് അതില്ലെന്നും സന്തോഷ് പറഞ്ഞു. പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ നിമിഷനേരം കൊണ്ട് പ്രവർത്തിക്കാൻ തയ്യാറാവണം. സീറ്റ് ലഭിക്കാത്തത് പതിവായതുകൊണ്ട് ശീലമായിപ്പോയി എന്നാണ് നേതാക്കൾ മറുപടി നൽകിയത്.
Photo and News Source: Mathrubhumi









