ചെന്നൈ: തമിഴ് സിനിമാ മേഖലയിലെ പ്രമുഖ സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണം ഉയർത്തിയ ഗായിക സ്വാഗത എസ്. കൃഷ്ണൻ.

ആരോപണവിധേയനായ വ്യക്തിയെ ‘മദ്രാസിലെ എപ്‌സ്റ്റീൻ’ എന്നാണ് അവർ വിശേഷിപ്പിച്ചത്. നിരവധി സ്ത്രീകളെ സമാനമായ രീതിയിൽ ചൂഷണം ചെയ്തിട്ടുണ്ടെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

സംഗീത സംവിധായകന്റെ സ്റ്റുഡിയോയിലെ ശബ്ദം പുറത്തുകേൾക്കാത്ത മുറിയിൽ വെച്ചാണ് പീഡനം നടന്നതെന്ന് സ്വാഗത പറയുന്നു. സിസിടിവി ക്യാമറകൾ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തു.

താൻ കരഞ്ഞാലും പുറത്താർക്കും കേൾക്കാൻ സാധിക്കുമായിരുന്നില്ലെന്നും ആ ദുരനുഭവങ്ങൾ തന്നെ മാനസികമായി തളർത്തിയെന്നും അവർ വെളിപ്പെടുത്തി. ഈ സംഭവത്തെ തുടർന്ന് സ്വാഗത തമിഴ് സിനിമാ വ്യവസായത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ചെന്നൈ വിട്ട് ഋഷികേശിലേക്ക് താമസം മാറ്റി.

മറ്റു സ്ത്രീകൾക്ക് ഈ ഗതി വരാതിരിക്കാൻ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് സ്വാഗത തീരുമാനിച്ചിരിക്കുന്നത്. സംഗീത സംവിധായകന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, നിയമപരമായി നേരിടാൻ തയ്യാറാണ് അവർ. ‘മീ ടൂ’ മൂവ്‌മെന്റിന് ശേഷം തമിഴ് ചലച്ചിത്രലോകത്തെ പിടിച്ചുലയ്‌ക്കുന്ന വെളിപ്പെടുത്തലായി ഇത് മാറിയിരിക്കുകയാണ്.

Photo and News Source: Janmabhumi