ഉത്തർപ്രദേശിലെ കൗശാംബിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ ശസ്ത്രക്രിയക്കിടെ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന പരാതിയാണ് ഉയർന്നത്. ഏപ്രിൽ 26-ന് നടന്ന സംഭവത്തിൽ യുവതിയുടെ മുഖവും ശരീരഭാഗങ്ങളും വ്യക്തമാകുന്ന ചിത്രങ്ങൾ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഉൾപ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് പുറത്തുവന്നത്.
സംസ്ഥാന വനിതാ കമ്മീഷൻ അംഗത്തിന്റെ ഇടപെടലോടെ കൗശാംബി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക കണ്ടെത്തലിൽ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥനാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചതെന്ന് വ്യക്തമായി. സംഭവം വിവാദമായതോടെ ഗ്രൂപ്പുകളിൽ നിന്ന് ചിത്രങ്ങൾ നീക്കം ചെയ്യപ്പെട്ടെങ്കിലും വിവരം പുറത്തുവന്നതോടെ അധികൃതർ പ്രതിരോധത്തിലായി.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഹരിയോം കുമാർ സിങ്ങ് ഖേദം പ്രകടിപ്പിച്ചു. കുറ്റക്കാരെ കർശനമായി ശിക്ഷിക്കുമെന്ന് പോലീസ് സൂപ്രണ്ട് സത്യനാരായണൻ പ്രജാപതി അറിയിച്ചു. ഓപ്പറേഷൻ തിയേറ്ററിലെ ജീവനക്കാരിൽ ആരാണ് ചിത്രങ്ങൾ പകർത്തിയതെന്നും അവയെന്തിനാണ് ഗ്രൂപ്പുകളിൽ പങ്കുവെച്ചതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. സ്വകാര്യത ലംഘിച്ചവർക്കെതിരെയും ഐടി നിയമപ്രകാരവും കർശന നടപടി ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
Photo and News Source: Siraj Live










