ജർമ്മൻ വാഹന നിർമ്മാതാക്കളായ വോക്സ്‌വാഗൺ തങ്ങളുടെ ആദ്യ ഇലക്ട്രിക് ഹാച്ച്ബാക്കായ ഐഡി പോളോ പുറത്തിറക്കി. പോളോ പരമ്പരയെ ഇലക്ട്രിക് യുഗത്തിലേക്ക് നയിക്കുന്ന ഈ മോഡൽ, 2023-ൽ അവതരിപ്പിച്ച ഐഡി 2ഓൾ കൺസെപ്റ്റുമായി സാമ്യമുള്ള ഡിസൈനാണ് സ്വീകരിച്ചിരിക്കുന്നത്.
വാഹനത്തിന്റെ മുൻഭാഗത്ത് ക്രമീകരിച്ച ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, പ്രകാശിക്കുന്ന വി ഡബ്ല്യു എംബ്ലം, സ്റ്റീംലൈൻ ചെയ്ത ഹെഡ് ലൈറ്റുകൾ എന്നിവ ആധുനിക ലുക്ക് നൽകുന്നു. ബ്ലാക്ക്ഡ് ഔട്ട് റിയർവ്യൂ മിററുകൾ, സി പില്ലറിലെ റിയർ ഡോർ ഹാൻഡിലുകൾ, രണ്ട് ടോണിലുള്ള അലോയ് വീലുകൾ എന്നിവ പ്രത്യേകതകളാണ്.
ഉള്ളിൽ 13 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീനും 10 ഇഞ്ച് ഇൻസ്ട്രുമെന്റ് ഡിസ്പ്ലേയും ഉണ്ട്. ക്ലൈമറ്റ് കൺട്രോൾ, ഓഡിയോ എന്നിവയ്ക്കായി ഫിസിക്കൽ കൺട്രോളുകളും നിലനിർത്തിയിട്ടുണ്ട്. ട്രെൻഡ്, ലൈഫ്, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുക. ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, പനോരമിക് ഗ്ലാസ് റൂഫ് തുടങ്ങിയ ഓപ്ഷണലുകളും ഉണ്ട്.
ബാറ്ററി ശേഷിയിൽ രണ്ട് ഓപ്ഷനുകളാണ്: 37 കെ ഡബ്ല്യു എച്ച് എൽഎഫ് പി പാക്കും 52 കെ ഡബ്ല്യു എച്ച് എൻഎംസി പാക്കും. വലിയ ബാറ്ററിയുള്ള മോഡൽ ഒറ്റ ചാർജിൽ 454 കിലോമീറ്റർ വരെ സഞ്ചരിക്കും.
Photo and News Source: Siraj Live










