കൊച്ചി: പ്രവാസികളുടെയും അവധിക്കാല യാത്രക്കാരുടെയും സൗകര്യാർത്ഥം ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു. ഏപ്രിൽ 30 മുതൽ കേരളത്തിലെ നാല് പ്രധാന വിമാനത്താവളങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ സർവീസുകൾ ആരംഭിച്ചു. സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള കണക്റ്റിവിറ്റി ലഭ്യമാകും.
അമൃത്സര്, ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, ജയ്‌പൂർ, ലഖ്‌നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി എന്നിവിടങ്ങളിൽ നിന്നും വിമാനങ്ങൾ പറന്നുയരുന്നു. ദുബായ്, അബുദാബി, ഷാർജ, റാസൽ ഖൈമ, ജിദ്ദ, റിയാദ്, മസ്കറ്റ്, ദോഹ, ബഹ്റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് സർവീസ് ലഭ്യമാണ്. സ്കൂൾ അവധിക്കാലം ആരംഭിക്കുന്നതിനാൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ഈ സർവീസ് ഗുണകരമാകും.
വിമാനങ്ങളുടെ എണ്ണം കൂടുന്നതോടെ ടിക്കറ്റ് നിരക്കിലെ വർധനവിന് ചെറിയ ശമനം ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്. വിദേശത്തുനിന്നും നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാക്കാൻ ഈ നടപടി സഹായകരമാകുമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.
Photo and News Source: Janam TV









