ഡൽഹി: പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ)യും ഇന്ത്യൻ നാവികസേനയും ചേർന്ന് വികസിപ്പിച്ച നാവിക വിരുദ്ധ ഹ്രസ്വദൂര മിസൈലുകളുടെ ആദ്യ 'സാല്‍വോ' വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്തെ ബംഗാൾ ഉൾക്കടലിൽ നാവികസേനയുടെ ഹെലികോപ്റ്ററിൽ നിന്ന് രണ്ട് മിസൈലുകൾ കുറഞ്ഞ സമയത്തിനുള്ളിൽ തുടർച്ചയായി വിക്ഷേപിച്ചു. അത്യാധുനിക എയർ ലോഞ്ച്ഡ് ആന്റി ഷിപ്പ് മിസൈൽ സംവിധാനത്തിന്റെ ഇന്ത്യയിലെ ആദ്യ പരീക്ഷണമായിരുന്നു ഇത്.

ശനിയാഴ്ച മറ്റൊരു പ്രധാന നേട്ടവും കൈവരിച്ചു. നാവികസേനയുടെ വരാനിരിക്കുന്ന യുദ്ധക്കപ്പലുകളുടെ പദ്ധതിയുടെ ഭാഗമായി ഹൈഡ്രോഡൈനാമിക് പെർഫോമൻസ് അസസ്മെന്റും മോഡൽ ടെസ്റ്റിംഗും വിജയകരമായി പൂർത്തിയാക്കി. വിശാഖപട്ടണത്തെ നാവൽ സയൻസ് ആൻഡ് ടെക്നോളജി ലബോറട്ടറി നേതൃത്വം നൽകി.

ഈ പരീക്ഷണത്തിലൂടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കൃത്യതയും വിശ്വാസ്യതയും തെളിയിക്കാനായി. യുദ്ധക്കപ്പലുകളുടെ വേഗത, സ്ഥിരത, ഇന്ധനക്ഷമത എന്നിവ മുൻകൂട്ടി വിലയിരുത്തുന്നതിന് മോഡൽ ടെസ്റ്റിംഗ് അത്യന്താപേക്ഷിതമാണ്. തദ്ദേശീയ യുദ്ധക്കപ്പലുകളുടെ നിർമ്മാണത്തിലും ആയുധശേഷി വർദ്ധിപ്പിക്കുന്നതിലും ഇന്ത്യയുടെ സ്വയംപര്യാപ്തതയ്ക്ക് ഈ നേട്ടങ്ങൾ പ്രധാന പങ്കുവഹിക്കുന്നു.

Photo and News Source: Sathyam Online