ഡൽഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO)യിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിലെ ദിവസവേതന തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. 1991-97 കാലഘട്ടത്തിൽ മഹേന്ദ്രഗിരിയിലെ യൂണിറ്റിൽ നിയമിക്കപ്പെട്ടവരുടെ അപേക്ഷ പരിഗണിച്ചാണ് വിധി. ജസ്റ്റിസ് വിക്രം നാഥും സന്ദീപ് മേത്തും അടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
വർഷങ്ങളായി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സ്ഥിരനിയമനം നൽകണമെന്ന മുന്‍ ഉത്തരവുകൾ പാലിക്കാത്തതിന് അധികൃതരെ കോടതി രൂക്ഷമായി വിമർശിച്ചു. സർക്കാർ ഒരു മാതൃകാ തൊഴിലുടമയെന്ന നിലയിൽ തൊഴിലാളികളോട് വിവേചനപരമായോ നിസ്സംഗതയോടെയോ പെരുമാറാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി.
ഭാരതത്തിന്റെ ബഹിരാകാശ നേട്ടങ്ങൾ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും മാത്രം ഫലമല്ല. അവരുടെ പിന്നിൽ താഴെത്തട്ടിലുള്ള തൊഴിലാളികളുടെ സമഗ്ര സംഭാവനയുണ്ട്. അവരെ അവഗണിക്കുന്നത് രാജ്യത്തിന്റെ നേട്ടങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
2012-ലെ താല്‍ക്കാലിക സ്കീം കോടതി ഉത്തരവുകൾക്കെതിരാണെന്ന് വ്യക്തമാക്കി. അപ്പീൽ നൽകിയ തൊഴിലാളികൾക്ക് 2010 സെപ്റ്റംബർ 9 മുതൽ സ്ഥിരനിയമനം നൽകാൻ നിർദ്ദേശിച്ചു. ഈ നടപടികൾ നാലാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Photo and News Source: Sathyam Online









