തിരുവനന്തപുരം: പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ കുറയ്ക്കാന്‍ ആരോഗ്യവകുപ്പ് ഒരു പ്രത്യേക കര്‍മപദ്ധതി ആവിഷ്കരിച്ചു. ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്‌സ്‌പോട്ട് മാപ്പിങ് നടത്തുമെന്നാണ് പദ്ധതിയുടെ ഭാഗം. പാമ്പുകടിയേറ്റു കൂടുതല്‍ ആളുകളെത്തുന്ന ആശുപത്രികളെ റെഡ് ഫ്‌ലാഗ്ഡ് ഇന്‍സ്റ്റിറ്റിയൂഷനായി കണക്കാക്കി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും.
സാമൂഹികാധിഷ്ഠിത നിരീക്ഷണത്തിലൂടെ പാമ്പുകടികള്‍ റിപ്പോര്‍ട്ട് ചെയ്യാനും ചികിത്സാ സമയത്തുണ്ടാകുന്ന കാലതാമസം നിരീക്ഷിക്കാനും പദ്ധതി ഉദ്ദേശിക്കുന്നു. ആശുപത്രികളെ ഹബ് ആന്റ് സ്‌പോക്ക് രീതിയില്‍ ക്രമീകരിച്ച് റഫറല്‍ സംവിധാനം കൂടുതല്‍ സുഗമമാക്കും. വിദൂര പ്രദേശങ്ങളിലെ പിഎച്ച്‌സി/സിഎച്ച്‌സികളില്‍ ആന്റിസ്‌നേക്ക് വെനം ലഭ്യമാക്കാനുള്ള നടപടികളും ഉൾപ്പെടുത്തിയിരിക്കുന്നു.
പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളെയും റഫറല്‍ ആശുപത്രികളെയും ശക്തിപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു. ‘റെഡ് ഫ്‌ലാഗ്’ പ്രദേശങ്ങളില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കാനും ശ്രമിക്കും. ഹമ്പ് നോസ് പിറ്റ് വൈപ്പര്‍, മലബാര്‍ പിറ്റ് വൈപ്പര്‍ തുടങ്ങിയവയ്ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോളുകളും നടപ്പാക്കും. ഡോക്ടര്‍മാര്‍ക്ക് പാമ്പുകളുടെ ചിത്രങ്ങള്‍ പരിചയപ്പെടുത്താനും നഴ്‌സുമാര്‍ക്ക് എല്‍എംഎ പരിശീലനം നൽകാനും പദ്ധതി ഉൾപ്പെടുന്നു.
Photo and News Source: Janmabhumi










