കുവൈറ്റിൽ വിദ്യാഭ്യാസവും ഭരണ സംവിധാനവും സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതിനായി മന്ത്രിസഭ നിർണായക തീരുമാനങ്ങൾ എടുത്തു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ-അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള നേരിട്ടുള്ള ക്ലാസുകൾ അടുത്ത ഞായറാഴ്ച മുതൽ പുനരാരംഭിക്കും. വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ-തബ്തബൈ, വിദ്യാഭ്യാസ മേഖലയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അവലോകനം അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഹാജർ 100 ശതമാനമായി ഉയർത്താനും മന്ത്രിസഭ നിർദ്ദേശം നൽകി. സിവിൽ സർവീസ് ബ്യൂറോയ്ക്ക് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ ഓഫീസുകൾ സാധാരണ പ്രവൃത്തിസമയത്തിൽ പ്രവർത്തിക്കുകയും വൈകുന്നേരത്തെ ഷിഫ്റ്റുകൾ ഉൾപ്പെടെ പൂർണ സമയക്രമം പുനഃസ്ഥാപിക്കുകയും ചെയ്യും. ഈ നടപടികൾ വിദ്യാഭ്യാസവും ഭരണ സംവിധാനവും സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതിനുള്ള പ്രധാന ചുവടുവയായാണ് കണക്കാക്കപ്പെടുന്നത്.
Photo and News Source: Kairali News









