ന്യൂഡൽഹി: അടുത്ത രണ്ടു ദശകങ്ങളിൽ ഇന്ത്യയിൽ വർഷംതോറും 15 മുതൽ 40 വരെ അധിക അതീവ ഉഷ്ണദിവസങ്ങൾ അനുഭവപ്പെടുമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കണ്ടെത്തൽ. പകൽ മാത്രമല്ല, രാത്രികളിലും ചൂട് ഗണ്യമായി ഉയരാനാണ് സാധ്യത. വർഷംതോറും 20 മുതൽ 40 വരെ അധിക അതീവ ഉഷ്ണരാത്രികൾ ഉണ്ടാകുമെന്നും പഠനം സൂചിപ്പിക്കുന്നു.

1981 മുതൽ 2010 വരെയുള്ള ശരാശരി താപനിലയെക്കാൾ കൂടുതലായി അനുഭവപ്പെടുന്ന ദിവസങ്ങളെയാണ് അതീവ ഉഷ്ണദിവസങ്ങളായി കണക്കാക്കുന്നത്. ക്രാവിസ് എന്ന ഡാറ്റ വിശകലന പ്ലാറ്റ്‌ഫോമാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ചൂടിനൊപ്പം കനത്ത മഴയും ഉണ്ടാകാനിടയുണ്ട്. ഇത് വെള്ളപ്പൊക്കത്തിനും കാരണമാകും.

ഉയർന്ന ചൂട് വൈദ്യുതി ആവശ്യകത വർദ്ധിപ്പിക്കുകയും ജലക്ഷാമം രൂക്ഷമാക്കുകയും സാമ്പത്തിക മേഖലയെ ബാധിക്കുകയും ചെയ്യും. അതിനാൽ, കാലാവസ്ഥാ മാറ്റത്തെ നേരിടാൻ ദീർഘകാല പദ്ധതികൾ അടിയന്തരമായി തയ്യാറാക്കേണ്ടതുണ്ട്. 40 വർഷത്തിലധികം പഴക്കമുള്ള ഡാറ്റയാണ് ഈ പ്രവചനത്തിന് അടിസ്ഥാനം.

Photo and News Source: Samakalika Malayalam