ശ്രീനഗറിൽ നിന്നുള്ള വാർത്ത: ജമ്മു കശ്മീരിലെ കുല്‍ഗാം പോലീസ്, ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി പ്രതികളുടെ 'റോഗ് ഗാലറി' പുറത്തിറക്കി. ജില്ലയിലെ എട്ട് പോലീസ് സ്റ്റേഷനുകളിലായി 184 പ്രതികളുടെ പേരും ചിത്രങ്ങളും ഉൾപ്പെടുത്തിയ ഗാലറി, മയക്കുമരുന്ന് മാഫിയയെ തകര്‍ക്കാനുള്ള 100 ദിവസത്തെ പ്രചാരണത്തിന്റെ ഭാഗമാണ്.

കൈമോ പോലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ പ്രതികളുള്ളത് (59). മന്‍സ്ഗാം പോലീസ് സ്റ്റേഷനിൽ ആറ് പ്രതികളാണ്. കുല്‍ഗാം എസ്എസ്പി അനായത് അലി ചൗധരിയുടെ നിർദ്ദേശപ്രകാരമാണ് ഈ നടപടി. പൊതുജനങ്ങളെ മുന്നറിയിപ്പ് നൽകാനും, പ്രതികളെ പിടികൂടാനും, ജനങ്ങളുടെ സഹായം ഉറപ്പാക്കാനുമാണ് ഈ ഗാലറി.

പ്രദര്‍ശിപ്പിച്ചിരിക്കുന്ന വ്യക്തികളുമായി ഇടപാടുകളോ അഭയം നല്‍കലോ പാടില്ല. ഇത്തരക്കാരെ കാണുകയോ വിവരം ലഭിക്കുകയോ ചെയ്‌താൽ ഉടന്‍ പോലീസിനെ അറിയിക്കണം. നിയമം കയ്യിലെടുക്കരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Photo and News Source: Sathyam Online