ഹൈദരാബാദിലെ സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനിൽ ഡിആർഐ നടത്തിയ വന്‍ വേട്ടയിൽ 11. 4 കോടി രൂപ വിലമതിക്കുന്ന 11. 4 കിലോ ക്രിസ്റ്റൽ മെത്ത് പിടികൂടി. രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഏപ്രിൽ 27, 28-ന് ഹൈദരാബാദ് സോണൽ യൂണിറ്റ് നടത്തിയ ഓപ്പറേഷനിലായിരുന്നു ഈ കണ്ടുകെട്ടൽ. മയക്കുമരുന്ന് പത്ത് സുതാര്യമായ പ്ലാസ്റ്റിക് പാക്കറ്റുകളിലായി കറുത്ത പോളിത്തീൻ കവറുകളിൽ പൊതിഞ്ഞ്, പുറമേ ഡിസൈനർ പേപ്പർ ഒട്ടിച്ച് ബെഡ്‌ഷീറ്റുകളുടെ ഇടയിൽ ഒളിപ്പിച്ചിരുന്നു.
ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇത് ക്രിസ്റ്റൽ മെത്ത് (ആംഫെറ്റാമൈൻ) ആണെന്ന് സ്ഥിരീകരിച്ചു. അന്താരാഷ്ട്ര വിപണിയിൽ ഇതിന്റെ വില 11. 4 കോടി രൂപയാണ്. സംഘടിത മയക്കുമരുന്ന് മാഫിയയുടെ ശൃംഖലയെ തകർക്കാനും യുവതലമുറയെ ലക്ഷ്യമാക്കിയുള്ള ലഹരിവസ്തുക്കളുടെ പ്രവേശനം തടയാനും ഈ ഓപ്പറേഷൻ സഹായകമാകുമെന്ന് ഡിആർഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എൻഡിപിഎസ് നിയമപ്രകാരം മയക്കുമരുന്ന് കണ്ടുകെട്ടുകയും സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Photo and News Source: Sathyam Online










