ദളിത് രാഷ്ട്രീയവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിത നൊമ്പരങ്ങളും കുട്ടികളുടെ ലോകത്തുനിന്ന് ആവിഷ്‌കരിച്ച 'ഇരുനിറം' എന്ന ചിത്രം മനോരമ മാക്‌സ് ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിൽ കുട്ടികളുടെ വിഭാഗത്തില്‍ അവസാന റൗണ്ട് വരെയെത്തിയ ഈ ചിത്രം, ബാലചിത്രം മാത്രമല്ല, സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ കൃത്യമായി വരച്ചുകാട്ടുന്നു.
ഒരു സ്‌കൂള്‍ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന സിനിമ, നിറത്തിന്റെ പേരിലുള്ള വേട്ടയാടലുകളിലേക്കാണ് വികസിക്കുന്നത്. ലോകത്തിലെ ഏറ്റവും നല്ല നിറം ഏതാണെന്ന ചോദ്യത്തിന് മുന്നില്‍ അമ്പിളി എന്ന കൊച്ചു പെണ്‍കുട്ടി കണ്ടെത്തുന്ന ഉത്തരങ്ങള്‍ പ്രേക്ഷകന്റെ ചിന്തകളെപ്പോലും മാറ്റിമറിക്കാന്‍ പോന്നതാണ്. 'മുടി വെളുക്കുമ്പോള്‍ എന്തിനാണ് നാം അത് കറുപ്പിക്കാന്‍ ശ്രമിക്കുന്നത്?' എന്ന ചോദ്യങ്ങളിലൂടെ ഗഹനമായ രാഷ്ട്രീയമാണ് സിനിമ മുന്നോട്ട് വെക്കുന്നത്.
അമ്പിളിയായി നന്മയും, അച്ഛന്‍ വേണുവായി ദിനീഷും സ്‌ക്രീനില്‍ ജീവിച്ചു. ഇന്നും ജാതിയും വര്‍ണ്ണവും തിരയുന്ന ചില അധ്യാപകരുടെ പ്രതിരൂപമായ ടീച്ചര്‍ എന്ന കഥാപാത്രം നമ്മുടെ ചുറ്റുവട്ടത്തെ ഓര്‍മ്മിപ്പിക്കും. തമിഴ് സിനിമകളിലെ തീക്ഷ്ണമായ ജാതി രാഷ്ട്രീയം മലയാള സിനിമയിലും ചര്‍ച്ചയാകുന്നു. സൗന്ദര്യബോധത്തിന്റെ വിപണി സാധ്യതകള്‍ മനുഷ്യനെ എത്രമാത്രം കവര്‍ന്നു തിന്നുന്നുവെന്നും, മാതാപിതാക്കളുടെ മുന്‍വിധികള്‍ കുട്ടികളുടെ മാനസിക നിലയെ ബാധിക്കുന്നുവെന്നും പാര്‍വതി എന്ന കഥാപാത്രത്തിലൂടെ സിനിമ കാണിച്ചുതരുന്നു. അവാര്‍ഡ് സിനിമകളുടെ വിരസതയില്ലാതെ, ചടുലമായ എഡിറ്റിംഗും ഇമ്പയോടെ രംഗങ്ങൾ പുരോഗമിക്കുന്നു.
Photo and News Source: Sathyam Online










