കേരളത്തിൽ വേനൽച്ചൂട് അസഹനീയമായി ഉയർന്നിരിക്കുകയാണ്. നിരന്തരമായ ചൂടും നിർജ്ജലീകരണവും ആരോഗ്യപ്രശ്നങ്ങൾ വർധിപ്പിക്കുന്നു. ശരീരത്തിലെ ജലാംശം നിലനിർത്തി തണുപ്പ് നൽകാൻ ഡയറ്റിൽ ചില മാറ്റങ്ങൾ ആവശ്യമാണ്.

95 ശതമാനവും ജലാംശം അടങ്ങിയ വെള്ളരിയും കക്കരിയും ശരീരത്തിൽ ജലാംശം നിലനിർത്താൻ ഏറ്റവും ഫലപ്രദമാണ്. ഇവ സലാഡിലോ സ്മൂത്തിയിലോ ഉൾപ്പെടുത്താം. കൂടാതെ, ധാരാളം നാരുകൾ അടങ്ങിയതിനാൽ ദഹനപ്രക്രിയയും സുഗമമാക്കുന്നു.

കരിക്കിൻ വെള്ളം പ്രകൃതിദത്ത ഇലക്ട്രോലൈറ്റുകളുടെ നല്ല ഉറവയാണ്. ചൂടിൽ നഷ്ടമാകുന്ന പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ വീണ്ടെടുക്കാൻ ഇത് സഹായിക്കുന്നു. ശരീരത്തിനു ക്ഷീണമകറ്റി ഊർജ്ജം പകരാനും ഇത് ഉപകരിക്കും.

പുതിനയിലയിലെ മെന്തോൾ ശരീരത്തിലെ ചൂട് നിയന്ത്രിക്കാൻ സഹായിക്കുന്നു. പുതിനയില ചേർത്ത വെള്ളമോ ചായയോ കുടിക്കുന്നത് ഉന്മേഷം നൽകും. വേനൽക്കാല വിപണിയിലെ താരമായ തണ്ണിമത്തനും ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നു. അതിലെ ലൈക്കോപീൻ ശരീരപ്രശ്നങ്ങൾ തടയുകയും വിഷാംശം പുറന്തള്ളുകയും ചെയ്യുന്നു.

Photo and News Source: Samakalika Malayalam