ജനാധിപത്യത്തിൽ എല്ലാ ഹൈക്കമാൻഡും ജനങ്ങൾക്കുതാഴെയാണ്. ജനവിധിയോട് കോൺഗ്രസ് ചെയ്യുന്നത് ഇപ്പോൾ കേരളത്തിൽ ദൃശ്യമാകുന്നു. വർഷങ്ങൾക്കുമുമ്പ് എം.പി. നാരായണപിള്ള എഴുതിയ കുറിപ്പ് ഓർക്കാം. ''എഐസിസി ആസ്ഥാനത്തേക്ക് ഒരു കമ്പി അടിച്ചു. കോൺഗ്രസ് പ്രസിഡന്റാകാൻ യോഗ്യനായ ഒരാൾ ഇവിടെയുണ്ട്'' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 1996-ൽ നരസിംഹ റാവു പ്രധാനമന്ത്രി സ്ഥാനവും കോൺഗ്രസ് പ്രസിഡന്റ് പദവിയും രാജിവച്ചപ്പോൾ പാർട്ടിയിൽ പിൻഗാമി ചർച്ചയുണ്ടായി. അന്നൊരു വാക്കുപറഞ്ഞിരുന്നെങ്കിൽ നാണപ്പാ നിങ്ങളാവുമായിരുന്നു കോൺഗ്രസ് പ്രസിഡന്റ് എന്ന് സോണിയ ഗാന്ധി പിന്നീട് പറഞ്ഞു.
കേരളത്തിൽ കോൺഗ്രസ് നേതാക്കൾ ഇപ്പോൾ ചെയ്യുന്നത് ഇതായിരിക്കാം. ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിൽ രമേശ് ചെന്നിത്തലയെക്കുറിച്ച് വന്ന പരസ്യം വലിയ ചർച്ചയുണ്ടാക്കുന്നു. പ്രൊഡക്ട് മാർക്കറ്റിങ് ഫീച്ചർ എന്ന ഉപശീർഷകത്തിൽ തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയാണ് പരസ്യം നൽകിയത്. ചെന്നിത്തലയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഫീച്ചർ നൽകിയത്. തന്റെ അറിവില്ലാതെയാണ് പരസ്യം നൽകിയതെന്ന് ചെന്നിത്തല പറയുന്നു. കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമാണ്.
ചെന്നിത്തലയെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയാവാനുള്ള അവസരം ഇപ്പോൾ കോൺഗ്രസ് ഹൈക്കമാൻഡിന്റെ കൈകളിലാണ്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടങ്ങിയ ഹൈക്കമാൻഡിന് മലയാളം അറിയില്ല. അതുകൊണ്ടായിരിക്കാം ഇംഗ്ലീഷിൽ തന്നെ പരസ്യം നൽകിയത്. ജനവിധിയെ അവഗണിച്ച് ഹൈക്കമാൻഡിന്റെ തീരുമാനങ്ങളാണ് ഇപ്പോൾ കേരളത്തിൽ ദർശിക്കപ്പെടുന്നത്.
Photo and News Source: Mathrubhumi







