ഇന്ത്യൻ റെയിൽവേ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകളിൽ വമ്പൻ മേക്കോവർ പ്രഖ്യാപിച്ചു. വിപുലമായ സൗകര്യങ്ങളുള്ള വന്ദേഭാരത് ട്രെയിനുകളെ മറികടക്കുന്ന പുതിയ ജനശതാബ്ദികൾക്ക് ആധുനിക കോച്ചുകളും മെച്ചപ്പെട്ട സൗകര്യങ്ങളും ലഭിക്കും.
ജർമൻ സാങ്കേതികവിദ്യയിൽ നിർമിച്ച എൽഎച്ച്ബി കോച്ചുകളാണ് പുതിയ ജനശതാബ്ദികളിൽ ഉപയോഗിക്കുക. വീതിയുള്ള സീറ്റുകളും മെച്ചപ്പെട്ട ഫിറ്റിംഗുകളും ഡ്രെയിനേജ് സംവിധാനമുള്ള ടോയ്‌ലറ്റുകളുമാണ് പ്രധാന മാറ്റങ്ങൾ. കൂടാതെ, സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചുള്ള നിർമ്മാണം ഭാരം കുറയ്ക്കുകയും വേഗത വർദ്ധിപ്പിക്കുകയും ചെയ്യും.
എൽഎച്ച്ബി കോച്ചുകളുടെ മറ്റൊരു പ്രധാന സവിശേഷതയാണ് അപകടസമയത്ത് കോച്ചുകൾ പരസ്പരം കയറിപ്പോകാത്ത സുരക്ഷാ സംവിധാനം. മികച്ച ശബ്ദ ഇൻസുലേഷൻ, വലിയ ജനാലകൾ, കൂടുതൽ സ്ഥലസൗകര്യമുള്ള സീറ്റുകൾ എന്നിവ യാത്രക്കാർക്ക് മികച്ച അനുഭവം നൽകും. എസി ചെയർ കാർ കോച്ചുകളിൽ മൈക്രോപ്രൊസസ്സർ നിയന്ത്രിത എയർ കണ്ടീഷനിംഗ് സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കോച്ചിനുള്ളിൽ ഒരേപോലെ തണുപ്പ് ഉറപ്പാക്കും.
Photo and News Source: Kairali News









