കോൺഗ്രസിലെ ആഭ്യന്തര കലഹം വീണ്ടും ശക്തി പ്രാപിച്ചു. കോഴിക്കോട് നഗരത്തിൽ ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ വി.ഡി. സതീശനെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. “സതീശൻ മലയാളക്കരയെ നയിക്കട്ടെ” എന്ന മുദ്രാവാക്യത്തോടെയാണ് ഈ പോസ്റ്ററുകൾ പ്രചരിപ്പിച്ചത്.
എന്നാൽ, എറണാകുളം ജില്ലയിൽ പ്രതിപക്ഷ നേതാവായ വി.ഡി. സതീശനെതിരെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. ഡിസിസി ഓഫീസിനും കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷനിലും പ്രത്യക്ഷപ്പെട്ട ബോർഡുകളിൽ ‘കോൺഗ്രസ് ഫാമിലി’ എന്ന പേരിലാണ് വിമർശനങ്ങൾ ഉയർത്തിയത്. മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ ശ്രമം നടക്കില്ലെന്നും, ഹൈക്കമാൻഡ് തീരുമാനിക്കുമെന്നുമാണ് ബോർഡുകളിൽ പറഞ്ഞിരിക്കുന്നത്.
ആലുവയിൽ വി.ഡി. സതീശനെ അനുകൂലിച്ചുകൊണ്ട് വലിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് ഈ പ്രതിഷേധം രൂപപ്പെടുന്നത്. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്ന പാർട്ടി പ്രവർത്തകരാണ് ഈ നീക്കത്തിന് പിന്നിലെന്ന് സൂചന. പുതിയ നീക്കങ്ങൾ കെ.സി. വേണുഗോപാലിന് വഴിയൊരുക്കാനാണോ എന്ന് സംശയിക്കുന്നവരും ഉണ്ട്.
Photo and News Source: Kairali News









