ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെയുള്ള മത്സരത്തിൽ പരിക്കുമായി പൊരുതി വിരാട് കോഹ്‌ലി മിന്നുന്ന പ്രകടനം കാഴ്ചവച്ചു. പരിക്കുമൂലം പൂർണ്ണമായി മുക്തനാകാതിരുന്നതിനാൽ ഫീൽഡിങ്ങിൽ ഇറങ്ങാതെ ഇമ്പാക്ട് പ്ലെയറായി ബാറ്റിങ്ങിനെത്തിയ കോഹ്‌ലി 34 പന്തിൽ 49 റൺസ് നേടി. ആറ് ഫോറുകളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

അർധസെഞ്ചുറിക്ക് ഒരു റൺസ് മാത്രം അകലെ ആവേശ് ഖാന്റെ പന്തിൽ നിക്കോളാസ് പൂരന് ക്യാച്ച് നൽകിയാണ് കോഹ്‌ലി പുറത്താകുന്നത്. ഈ പ്രകടനത്തോടെ ടൂർണമെന്റിലെ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ് കോഹ്‌ലി തിരിച്ചുപിടിച്ചു. അഞ്ച് മത്സരങ്ങളിൽ നിന്ന് 162 സ്ട്രൈക്ക് റേറ്റിൽ 225 റൺസ് നേടിയ കോഹ്‌ലി, റൺവേട്ടയിൽ ഹെൻഡ്രിച് ക്ലാസനെ (224 റൺസ്) പിന്നിലാക്കി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 146 റൺസിന് ഓൾ ഔട്ടായി. റാസിഖ് സലാം നാല് വിക്കറ്റും ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ആർസിബിക്ക് കോഹ്‌ലി, ഫിൽ സാൾട്ട്, ദേവദത്ത് പടിക്കൽ എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. എങ്കിലും 11 ഓവറിൽ 92 റൺസ് എന്ന നിലയിൽ ആർസിബി ശക്തമായ നിലയിലാണ്.

Photo and News Source: Malayalam Express