മുംബൈ നഗരത്തിലെ ഏഴ് പ്രധാന തടാകങ്ങളിലെ ജലനിരപ്പ് 28. 35 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ബിഎംസി കമ്മീഷണർ അശ്വിനി ഭിഡെ നടത്തിയ അവലോകന യോഗത്തിനുശേഷം ഈ വിവരം പുറത്തുവന്നു. മൺസൂൺ കാലത്തിനുമുമ്പുള്ള ഈ അവസ്ഥയെത്തുടർന്ന്, മേയ് 15 മുതൽ ജലവിതരണത്തിൽ 10 ശതമാനം കുറവ് വരുത്തുമെന്ന് ബിഎംസി പ്രഖ്യാപിച്ചു. ഓഗസ്റ്റ് അവസാനം വരെ നഗരത്തിനു മതിയായ ജലലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.
നിലവിൽ ബിഎംസി ഒരു ദിവസം 3900 മില്യൺ ലിറ്റർ ജലം വിതരണം ചെയ്യുമ്പോൾ, നഗരത്തിനാവശ്യമായത് 4200 മില്യൺ ലിറ്ററാണ്. ഏപ്രിൽ 27 വരെയുള്ള കണക്കനുസരിച്ച്, ഏഴ് തടാകങ്ങളിലായി 4. 17 ലക്ഷം മില്യൺ ലിറ്റർ വെള്ളം മാത്രമേ ശേഷിയുള്ളൂ. 14,47,363 മില്യൺ ലിറ്റർ സംഭരണശേഷിയുള്ള ഈ തടാകങ്ങൾക്ക് മഴയെ ആശ്രയിക്കേണ്ടിവരും.
Photo and News Source: Malayalam Express










