ഭോപ്പാല്‍: ഉത്തരാഖണ്ഡും ഗുജറാത്തും പിന്തുടർന്ന് ഏകസിവിള്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള നീക്കം മധ്യപ്രദേശ് സർക്കാരും ആരംഭിച്ചിരിക്കുന്നു. സംസ്ഥാനത്ത് ഏകസിവിള്‍ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാനായി ഉന്നതതല സമിതിയെ നിയോഗിച്ചുകൊണ്ട് ഏപ്രില്‍ 27-ന് നിയമവകുപ്പ് ഉത്തരവിറക്കി. ആറ് മാസത്തിനുള്ളിൽ കരട് ബില്ല് തയ്യാറാക്കാനും മുഖ്യമന്ത്രി മോഹൻ യാദവ് ഉദ്യോഗസ്ഥരെ നിർദ്ദേശിച്ചു.

മുന്‍ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രസാദ് ദേശായി സമിതിയുടെ അധ്യക്ഷയാണ്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ശത്രുഘ്ന് സിംഗ്, നിയമവിദഗ്ദ്ധൻ അനൂപ് നായർ എന്നിവരും സമിതിയിലുണ്ട്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ, ലിവിങ് റിലേഷൻഷിപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട നിലവിലെ വ്യക്തിനിയമങ്ങളെ സമിതി പഠിക്കും.

ഉത്തരാഖണ്ഡ്, ഗുജറാത്ത് മോഡലുകളെ പരിശോധിച്ച ശേഷം മധ്യപ്രദേശിന്റെ സാമൂഹിക പശ്ചാത്തലത്തിന് അനുയോജ്യമായ നിയമവ്യവസ്ഥ സമിതി ശുപാർശ ചെയ്യും. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ലിവിങ് റിലേഷൻഷിപ്പുകൾ രജിസ്റ്റർ ചെയ്യുന്നതിനുമുള്ള പ്രത്യേക വ്യവസ്ഥകളും സമിതി പരിശോധിക്കും. 2023-ൽ അധികാരമേറ്റ മോഹൻ യാദവ് സർക്കാരിന്റെ പ്രധാന നയപരമായ തീരുമാനമാണിത്. വരാനിരിക്കുന്ന ദീപാവലിയോടെ നിയമം പ്രാബല്യത്തില് വരുത്താനാണ് സർക്കാരിന്റെ ലക്ഷ്യം. പൊതുജനങ്ങളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും സമിതി അഭിപ്രായങ്ങൾ ആവശ്യപ്പെടും.

എന്നാൽ, സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും ഗോത്രവർഗ സംഘടനകളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. മധ്യപ്രദേശിലെ ജനസംഖ്യയുടെ 21 ശതമാനത്തിലധികം വരുന്ന ഗോത്രവർഗക്കാരുടെ ആചാരങ്ങളെയും ഭരണഘടനാപരമായ അവകാശങ്ങളെയും പുതിയ നിയമം ബാധിക്കുമെന്ന ആശങ്കയാണ് പ്രതിഷേധത്തിനുള്ള കാരണം.

Photo and News Source: Sathyam Online